തിരുവനന്തപുരം: കേരള സർവകലാശാലാ സെനറ്റ് ഹാൾ ഇന്നലെ രാത്രി യുദ്ധക്കളമായി മാറി.സെനറ്റിലേക്കുള്ള വിദ്യാർത്ഥി പ്രതിനിധികളുടെ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലാണ് സംഘർഷത്തിലേക്ക് വഴിമാറിയത്.16ബാലറ്റുകൾ കാണാതായതോടെ,പരസ്പരം ആരോപണങ്ങളുമായി എസ്.എഫ്.ഐ,കെ.എസ്.യു പ്രവർത്തകർ സെനറ്റ്ഹാളിലും വാഴ്സിറ്റി വളപ്പിലും ഏറ്റുമുട്ടുകയായിരുന്നു.
പരസ്പരം കല്ലേറും പട്ടികയും വടിക്കഷണങ്ങളും കൊണ്ട് തമ്മിലടിയുമുണ്ടായി.കെ.എസ്.യു പ്രസിഡന്റ് അലോഷ്യസ് സേവ്യർ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ എസ്.എഫ്.ഐക്കാർ മാലപ്പടക്കം കത്തിച്ചെറിഞ്ഞു.ഇതോടെ സംഘർഷം കനത്തു.സെനറ്റ് ഹാളിന്റെ വാതിലുകളും കസേരകളും തകർത്തു. രാത്രി പത്തരയോടെ സംഘർഷം വാഴ്സിറ്റിക്ക് പുറത്തേയ്ക്കും വ്യാപിച്ചു.എം.എൽ.എ ഹോസ്റ്റലിന് മുന്നിലും സ്റ്റേഡിയത്തിനടുത്തും ബേക്കറി ജംഗ്ഷനിലും ചെറിയ സംഘർഷങ്ങളുണ്ടായി.വാഴ്സിറ്റി കവാടത്തിൽ യൂത്ത് കോൺഗ്രസുകാരും എസ്.എഫ്.ഐയ്ക്കാരും തമ്മിലടിച്ചു.
സംഘർഷത്തിൽ പത്ത് കെ.എസ്.യു, അഞ്ച് എസ്.എഫ്.ഐ പ്രവർത്തകർക്കും ഡെപ്യൂട്ടി രജിസ്ട്രാർ പ്രമോദ് അടക്കം 9 സർവകലാശാലാ ജീവനക്കാർക്കും 2 പൊലീസുകാർക്കും പരിക്കേറ്റു.കല്ലേറിൽ ഏതാനും പ്രവർത്തകരുടെ തലയ്ക്കും പരിക്കേറ്റു.ബാലറ്റുകൾ മുഴുവനും പ്രവർത്തകർ കീറിയെറിഞ്ഞു. എസ്.എഫ്.ഐ സെക്രട്ടറി പി.എം.ആർഷോ, കെ.എസ്.യു പ്രസിഡന്റ് അലോഷ്യസ് സേവ്യർ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു അക്രമം.അഞ്ഞൂറോളം പ്രവർത്തകർ സെനറ്റ്ഹാളിലേക്ക് ഇരച്ചെത്തിയതോടെ പൊലീസിന് നിയന്ത്രിക്കാനായില്ല. സെനറ്റ് ഹാളിൽ ഇരുപക്ഷവും തമ്മിൽ കൂട്ടയടിയായി.ഹാളിന്റെ ഇടനാഴിയിൽ വച്ചും പ്രവർത്തകർ ഏറ്റുമുട്ടി.കെ.എസ്.യുക്കാരെ പൊലീസ് ബലംപ്രയോഗിച്ച് പുറത്തിറക്കി 2 വാഹനങ്ങളിൽ കയറ്റിക്കൊണ്ടുപോയെങ്കിലും വാഹനങ്ങൾ എസ്.എഫ്.ഐക്കാർ തടഞ്ഞിട്ടു.ഏറെ പണിപ്പെട്ടാണ് ഇവരെ പുറത്തെത്തിക്കാനായത്.
10 സീറ്റുകളിലേക്ക് 24പേരായിരുന്നു മത്സരത്തിനുണ്ടായിരുന്നത്.163വോട്ടർമാരിൽ 157പേർ വോട്ടു ചെയ്തു. ആദ്യറൗണ്ടിൽ കെ.എസ്.യുവിന്റെ രണ്ടുപേർ വിജയിച്ചു.10വോട്ട് കിട്ടിയ എം.എസ്.എഫ് സ്ഥാനാർത്ഥിക്ക് വിജയസാദ്ധ്യതയുമുണ്ടായി. കെ.എസ്.യുവിന്റെ വനിതാ സ്ഥാനാർത്ഥിക്കും ഏഴ് വോട്ട് കിട്ടി. സെക്കൻഡ് വോട്ടുകൾ കൂടി എണ്ണിയാൽ 2 കെ.എസ്.യു സ്ഥാനാർത്ഥികളും എം.എസ്.എഫ് സ്ഥാനാർത്ഥിയും വിജയിക്കുമായിരുന്നു. ഈ ഘട്ടത്തിലായിരുന്നു സംഘർഷം തുടങ്ങിയത്.അക്രമികൾക്കെതിരെ നടപടിയെടുക്കണമെന്ന് രജിസ്ട്രാർ പൊലീസിൽ പരാതിനൽകി.
ബാലറ്റ് മോഷ്ടിച്ചത് കെ.എസ്.യുവാണ്.തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമമുണ്ടായി.
പി.എം.ആർഷോ
എസ്.എഫ്.ഐ സെക്രട്ടറി
ആർഷോയുടെ നേതൃത്വത്തിൽ എസ്.എഫ്.ഐക്കാർ ബാലറ്റ് വിഴുങ്ങി.പൊലീസിനെ ഉപയോഗിച്ച് കെ.എസ്.യുക്കാരെ അടിച്ചമർത്തി.
അലോഷ്യസ് സേവ്യർ
കെ.എസ്.യു പ്രസിഡന്റ്