വിതുര: ഓണവിപണിയെ ഉഷാറാക്കാനൊരുങ്ങിയ കുടുംബശ്രീയൂണിറ്റുകളും പുരുഷസ്വാശ്രയ സംഘങ്ങളും നടത്തുന്ന സ്റ്റാളുകളിൽ തിരക്കേറുന്നു. പച്ചക്കറി മുതൽ പൂക്കളും പലഹാരങ്ങളും വസ്ത്രങ്ങളുംവരെ സ്റ്റോളിലുണ്ട്. ഓണവിപണി ലക്ഷ്യമിട്ട് കുടുംബശ്രീ യൂണിറ്റുകളും പുരുഷ സ്വാശ്രയസംഘങ്ങളും നടത്തിയിരുന്ന കൃഷിയുടെ വിളവെടുപ്പുത്സവം അത്തം നാളിൽ നടന്നിരുന്നു. വിതുര, തൊളിക്കോട്, ആര്യനാട് പഞ്ചായത്തുകളിൽ ഏക്കർകണക്കിന് ഭൂമിയിലാണ് കൃഷി ഇറക്കിയിരുന്നത്. കടുത്ത വേനലും കനത്തമഴയും വില്ലനായെങ്കിലും പ്രതീക്ഷിച്ച വിളവ് ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് സംഘങ്ങൾ. സ്വന്തം കൃഷിയിടത്തിലെ പൂക്കൾ വിൽക്കാൻ പാതയോരങ്ങളിൽ പ്രത്യേക സ്റ്റാളുകളും പ്രവർത്തിക്കുന്നുണ്ട്. ഓഫറുകൾ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ ഗൃഹോപകരങ്ങളും മറ്റും വൻതോതിൽ വിറ്റഴിക്കുന്നുണ്ട്. ഓണക്കാലമായതോടെ വഴിയോരക്കച്ചവടവും പൊടിപൊടിക്കുകയാണ്. സംഘങ്ങളുടെ നേതൃത്വത്തിൽ ഓണത്തിന് കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
പച്ചക്കറികൾക്ക് വിലകുറഞ്ഞു
ഓണക്കാലമായതോടെ പച്ചക്കറിക്ക് വിപണിയിൽ വിലകുറഞ്ഞത് സാധാരണക്കാർക്ക് അനുഗ്രഹമായി മാറിയിരിക്കുകയാണ്. തമിഴ്നാട്ടിൽ കാലാവസ്ഥ അനുകൂലമായതിനാലാണ് പച്ചക്കറിവില കുറയാൻ പ്രധാനകാരണം. കൂടാതെ കേരളത്തിലും വൻതോതിൽ പച്ചക്കറി കൃഷിനടത്തിയിരുന്നു. തമിഴ്നാടൻ പച്ചക്കറികളെക്കാൾ നാടൻപച്ചക്കറികളാണ് കൂടുതൽ വിറ്റഴിയുന്നത്. ഇതിലൂടെ കർഷകർക്ക് മികച്ച ലാഭവും ലഭിക്കുന്നുണ്ട്.
പിടികൊടുക്കാതെ പഴവർഗങ്ങൾ
പൂക്കൾക്കും പച്ചക്കറികൾക്കും വിലകുറഞ്ഞിട്ടും പഴവർഗങ്ങളുടെ വിലയ്ക്ക് ഇനിയും കുറവില്ല. പതിവിന് വിപരീതമായി ഏത്തന്റെ വില കുറഞ്ഞിട്ടുണ്ട്. കിലോ അറുപത് രൂപയായി.നേരത്തേ 90 രൂപയായിരുന്നു. രസകദളിക്കും കപ്പക്കും 100 രൂപയാണ് വില.