
വാർദ്ധക്യകാലം ആരോഗ്യപരമായ ബുദ്ധിമുട്ടുകളുടെ കാലം കൂടിയാണ്. രോഗങ്ങളാൽ കഷ്ടപ്പെടുന്നവരും ശാരീരിക അവശതകളാൽ വൈഷമ്യം അനുഭവിക്കുന്നവരും ഉൾപ്പെട്ടതാണ് നമ്മുടെ വൃദ്ധസമൂഹം. പുതുതലമുറയ്ക്ക് ഇവരോട് സംസാരിക്കുന്നതിനു പോലും സമയം കിട്ടാറില്ല. ഒരിടത്തും പോകാനാകാതെ പലപ്പോഴും ഒറ്റമുറിയിൽ ഒതുങ്ങിക്കൂടുന്ന ഇവരെ നോക്കാൻ കൂടി ആരുമില്ലെങ്കിൽ വാർദ്ധക്യം നരകതുല്യമായി മാറും. പല കാരണങ്ങളാൽ വാർദ്ധക്യകാലത്ത് ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും സാമ്പത്തികമായി അരക്ഷിതാവസ്ഥ അനുഭവിക്കുന്ന കാലം കൂടിയാണ്. രോഗങ്ങളുടെ ചികിത്സയ്ക്കും മറ്റും ഭീമമായ തുകയാണ് വേണ്ടിവരുന്നത്. മാതാപിതാക്കളെ നോക്കേണ്ട കടമ മക്കൾക്കാണെന്ന് പറയാമെങ്കിലും ജോലി സംബന്ധമായ മാറിനിൽക്കലും തത്രപ്പാടുകളും കാരണം ഇത് പലപ്പോഴും പ്രായോഗികമായി നടക്കാറില്ല എന്നതാണ് വസ്‌തുത.
ഈ സാഹചര്യത്തിൽ അവരെ നോക്കേണ്ട കടമ സർക്കാരിന്റെ കൂടിയായി മാറുന്നു. പാശ്ചാത്യ രാജ്യങ്ങളിലൊക്കെ നികുതി കൂടുതലാണെങ്കിലും വാർദ്ധക്യകാലത്ത് സർക്കാർ സംരക്ഷിക്കുമെന്ന ഉറപ്പുണ്ട്. ഇന്ത്യയിൽ ഇനി വേണം പൂർണമായ തോതിൽ അതൊക്കെ ഉണ്ടായി വരാൻ. എന്തായാലും ആ വഴിക്കുള്ള സുപ്രധാന ചുവടാണ് എഴുപത് കഴിഞ്ഞാൽ അഞ്ചുലക്ഷം രൂപയുടെ ചികിത്സാ ആനുകൂല്യം നൽകുന്ന ആയുഷ്‌മാൻ ഭാരത് സൗജന്യ ചികിത്സാ പദ്ധതിക്ക് അംഗീകാരം നൽകിയതിലൂടെ മോദി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ഈ പദ്ധതി പ്രകാരം 70 വയസിനു മുകളിലുള്ള എല്ലാവർക്കും പ്രതിവർഷം അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സാ ആനുകൂല്യം ലഭ്യമാകും. ബി.ജെ.പിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നുകൂടി ആയിരുന്നു ഇത്. പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത, അതിൽ അംഗമാകാൻ കുടുംബത്തിന്റെ വരുമാന പരിധി ബാധകമായിരിക്കില്ല എന്നതാണ്.
അപ്പോൾ ചോദിക്കാം, കോടികളുടെ അധിപന്മാരായ അംബാനിക്കും അദാനിക്കും മറ്റും ഈ സഹായം എന്തിനാണ് നൽകുന്നതെന്ന്. അതിന്റെ പേരിൽ വരുമാന പരിധി നിശ്ചയിച്ചാൽ ആ ഒരു കാരണം പറഞ്ഞ് ബ്യൂറോക്രസി ഭൂരിപക്ഷം പേർക്കും ആനുകൂല്യം നിഷേധിക്കും! ഈ സാഹചര്യം ഒഴിവാക്കിയത് തികച്ചും അഭിനന്ദനീയമാണ്. പിന്നെ, അംബാനിയും അദാനിയുമൊന്നും ചികിത്സയ്ക്ക് ഈ അഞ്ചുലക്ഷം വാങ്ങാൻ വരില്ല. പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കൾ പോലും വിദേശങ്ങളിലാണ് ചികിത്സ തേടുന്നത്. പക്ഷേ, ഈ പദ്ധതി ആറു കോടിയോളം മുതിർന്ന പൗരന്മാരുള്ള 4.5 കോടി കുടുംബങ്ങൾക്കാണ് ഗുണം ചെയ്യുക. കുടുംബത്തിൽ ഒന്നിലേറെ മുതിർന്ന പൗരന്മാരുണ്ടെങ്കിൽ ആനുകൂല്യം പങ്കുവയ്ക്കും. അതേസമയം, നിലവിൽ ആയുഷ്‌മാൻ പദ്ധതിയുടെ ഭാഗമായ കുടുംബങ്ങളിലെ മുതിർന്ന പൗരന്മാർക്ക് അഞ്ചു ലക്ഷം രൂപയുടെ അധിക പരിരക്ഷയും ലഭിക്കും.
പുതുതായി പദ്ധതിയുടെ ഭാഗമാകുന്നവർക്ക് പി.എം - ജെ.എ.വൈ കാർഡ് ലഭ്യമാകും. സ്വകാര്യ ഇൻഷ്വറൻസ് ഉള്ളവർക്കും ഇ.എസ്.ഐ പദ്ധതിയുടെ ഭാഗമായവർക്കും അധിക പരിരക്ഷയായി ആയുഷ്‌മാൻ ഭാരത് കവറേജ് ലഭിക്കുമെന്നതും എടുത്തുപറയേണ്ട പ്രത്യേകതയാണ്. പുതിയ പദ്ധതിക്കായി 3,437 കോടി രൂപയാണ് കേന്ദ്രം വകയിരുത്തിയിട്ടുള്ളത്. നിലവിൽ 12.34 കോടി കുടുംബങ്ങളിലായി 55 കോടിയാളുകൾക്ക് ആയുഷ്‌മാൻ ഭാരത് പദ്ധതിയുടെ ഗുണം ലഭിക്കുന്നുണ്ട്. പദ്ധതിയുടെ മാർഗരേഖ ലഭിച്ചാലുടൻ കേരളത്തിൽ രജിസ്ട്രേഷൻ ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഈ അവസരം എഴുപതു കഴിഞ്ഞ എല്ലാവരും വിനിയോഗിക്കുമെന്നു തന്നെ പ്രതീക്ഷിക്കാം. വരും വർഷങ്ങളിൽ, 65 തികഞ്ഞവരെ കൂടി ഈ പദ്ധതിയുടെ ഭാഗമാക്കുന്നതിനെപ്പറ്റി കേന്ദ്ര സർക്കാർ ചിന്തിക്കേണ്ടതാണ്.