eng

സംസ്ഥാനത്തെ സർക്കാരിതര എൻജിനിയറിംഗ് കോളേജുകളിൽ ബി.ടെക്കിന് ഇരുപതിനായിരം സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നുവെന്ന വാർത്ത ആരിലും അമ്പരപ്പുണ്ടാക്കുമെന്നു തോന്നുന്നില്ല. ഇവിടെ മാത്രമല്ല,​ മറ്റു പല സംസ്ഥാനങ്ങളിലും ഇതിനെക്കാൾ ദയനീയമാണ് എൻജിനിയറിംഗ് കോളേജുകളുടെ സ്ഥിതി. ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിൽ ആവുന്നത്ര കുട്ടികളെ ചേർക്കാൻ പ്രവേശന പരീക്ഷ പോലും വേണ്ടെന്നുവച്ച സംസ്ഥാനങ്ങളുണ്ട്. നമ്മുടെ തൊട്ടടുത്തു കിടക്കുന്ന തമിഴ്‌നാട്ടിൽ എൻജിനിയറിംഗ് പ്രവേശനം പ്ളസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലാണ് നടന്നുവരുന്നത്. മെഡിക്കൽ മേഖലയിലും പ്രവേശനം എൻട്രൻസ് പരീക്ഷ ഒഴിവാക്കി നടത്തണമെന്നാണ് തമിഴ്‌നാടിന്റെ നിലപാട്. ഇതിനു പക്ഷേ ഇതുവരെ മെഡിക്കൽ കൗൺസിലിന്റെയും കേന്ദ്ര സർക്കാരിന്റെയും അനുമതി ലഭിച്ചിട്ടില്ല. ഇതിനായി തമിഴ്‌നാട് സർക്കാർ സുപ്രീംകോടതി വരെ പോയെങ്കിലും ഫലമുണ്ടായില്ല.

കേരളത്തിൽ സർക്കാർ നിയന്ത്രിത, സ്വകാര്യ സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളിലേക്കുള്ള പ്രവേശനം കഴിഞ്ഞപ്പോഴാണ് ഇരുപതിനായിരം സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതായി കണ്ടത്. എൻട്രൻസ് യോഗ്യത ഇല്ലാത്തവർക്കും പ്രവേശനം നൽകിയാൽ കുറെ സീറ്റുകളിൽ കുട്ടികളെ ലഭിക്കും. പ്ളസ്ടുവിന് 45 ശതമാനം മാർക്ക് ഉണ്ടായിരിക്കണമെന്ന നിബന്ധനയിലാകും പ്രവേശനം. എൻട്രൻസ് റാങ്ക് പട്ടിക പ്രകാരമുള്ള മൂന്ന് അലോട്ട്‌മെന്റ് കഴിഞ്ഞാകും ഒഴിവുള്ള സീറ്റുകളിലേക്കു ഇത്തരത്തിൽ പ്രവേശനം. കഴിഞ്ഞ വർഷവും ഇത്തരത്തിൽ ഇളവു നൽകിയിരുന്നു. ഉപരിപഠനത്തിനു വഴികാണാതെ വിഷമിക്കുന്ന കുട്ടികൾക്ക് ആശ്വാസം നൽകുന്ന തീരുമാനമാണിത്. കുട്ടികളെ ലഭിക്കാതെ ബുദ്ധിമുട്ടുന്ന എൻജിനിയറിംഗ് കോളേജുകൾക്കും ഇതിൽ ആശ്വസിക്കാം.

സംസ്ഥാനത്തെ എല്ലാ എൻജിനിയറിംഗ് കോളേജുകളിലുമായി ബി.ടെക്കിന് 56,​407 സീറ്റാണുള്ളത്. മികവു പുലർത്തുന്ന കോളേജുകളിൽ സീറ്റുകൾ ആദ്യം തന്നെ നിറയും. പഠനത്തിലും വിജയശതമാനത്തിലും പിന്നിലായ സ്വാശ്രയ കോളേജുകളാണ് കുട്ടികളെ കിട്ടാതെ പൂട്ടലിന്റെ വക്കിൽ നിൽക്കുന്നത്. എൻജിനിയറിംഗ് കോളേജുകൾ മറ്റാവശ്യങ്ങൾക്കു പ്രയോജനപ്പെടുത്തുന്ന പ്രവണത മറ്റു പല സംസ്ഥാനങ്ങളിലും കാണാം. ഇവിടെ ആ വഴിക്ക് ഇതുവരെ നീക്കമുണ്ടായിട്ടില്ല. എന്നാൽ വേണ്ടത്ര കുട്ടികളെ ലഭിക്കാതെ കോളേജ് പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാനാവാത്ത ദുർഗതിയിലാണ് പല മാനേജ്‌മെന്റും. ഭാവി ആവശ്യങ്ങൾ തിട്ടപ്പെടുത്താതെ ആദ്യകാലത്ത് ലക്കും ലഗാനുമില്ലാതെ സ്വാശ്രയ എൻജിനിയറിംഗ് കോളേജുകൾ തുറന്നതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണം. എൻജിനിയറിംഗ് പഠന രംഗത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾക്കനുസരിച്ച് നമ്മുടെ എൻജിനിയറിംഗ് കോളേജുകൾ മാറുന്നില്ലെന്നതാണ് പ്രധാന പ്രതിസന്ധി.

സാങ്കേതിക സർവകലാശാല വന്നിട്ടും എൻജിനിയറിംഗ് കോളേജുകളിൽ അധിക പങ്കും വൈവിദ്ധ്യമാർന്നതും ആധുനിക ആവശ്യങ്ങൾക്കിണങ്ങുന്നതുമായ കോഴ്സുകൾ തുടങ്ങാൻ മുന്നോട്ടുവരുന്നില്ല. പുതിയ വിഷയങ്ങൾ പഠിപ്പിക്കാനാവശ്യമായ അദ്ധ്യാപകരുടെ ദൗർലഭ്യവും വലിയ പ്രശ്നമാണ്. പ്ളസ് ടു ഫലം വളരെ മുന്നേ വരാറുണ്ടെങ്കിലും എൻജിനിയറിംഗ് പ്രവേശനം തുടങ്ങുന്നതിലുണ്ടാകുന്ന കാലതാമസം സ്വാശ്രയ കോളേജുകളിൽ കുട്ടികൾ കുറയാനുള്ള കാരണങ്ങളിലൊന്നാണ്. തമിഴ്‌നാട്ടിൽ എൻജിനിയറിംഗ് പ്രവേശനം പൂർത്തിയായിട്ട് രണ്ടു മാസത്തോളമായി. ഇവിടെ മൂന്നാംഘട്ട അലോട്ട്‌മെന്റ് പൂർത്തിയാകാനിരിക്കുന്നതേയുള്ളൂ. സംസ്ഥാനത്തുനിന്ന് നിരവധി വിദ്യാർത്ഥികൾ മെച്ചപ്പെട്ട കോഴ്സുകളും കോളേജുകളും തേടി മറ്റു സംസ്ഥാനങ്ങളിലേക്ക് ആദ്യമേ പോകും. അവരെ ഇവിടെ പിടിച്ചുനിറുത്തണമെങ്കിൽ കോഴ്സുകളും പഠന നിലവാരവും കാലാനുസൃതമായി പരിഷ്കരിക്കുക തന്നെ വേണം.