വിഴിഞ്ഞം: കണ്ണൂർ മതപഠന കേന്ദ്രത്തിലെ ഉസ്താദിൽനിന്ന് വിഴിഞ്ഞം സ്വദേശിയായ വിദ്യാർത്ഥിക്ക് ക്രൂര പീഡനമേറ്റ സംഭവത്തിൽ വിഴിഞ്ഞം പൊലീസ് തയ്യാറാക്കിയ പ്രഥമ വിവര റിപ്പോർട്ട് സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറി. വിദ്യാർത്ഥിയെ ഇസ്‌തിരിപ്പെട്ടി ചൂടാക്കി മുതുകിന് താഴെ മാരകമായി പൊള്ളിക്കുകയും പ്ലയർ ഉപയോഗിച്ച് മൂക്കിലും ചെവിയിലും വലിച്ച് ശാരീരിക പീഡനം നടത്തുകയും ചെയ്തതായി റിപ്പോർട്ടിലുണ്ട്. ഉസ്താദ് ഉമർ അഷറഫിക്കെതിരെ വിഴിഞ്ഞം പൊലീസ് വധശ്രമത്തിനാണ് കേസെടുത്തത്.

വിഴിഞ്ഞം ടൗൺഷിപ്പ് ഹൗസ് 269 ൽ പരേതരായ ഉസൈൻകണ്ണ്- സൽമത്തുബീവി ദമ്പതികളുടെ ഇളയമകൻ അജ്‌മൽഖാനാ (23)ണ് കൂത്തുപറമ്പ് കിനവയ്ക്കൽ ഇഷ് അത് ഉലൂം ദർസ് മതപഠന കേന്ദ്രത്തിലെ ഉസ്താദിന്റെ ക്രൂരമർദ്ദനത്തിനിരയായത്. അജ്‌മൽഖാനാന്റെ മൊഴി പകർപ്പ് ഉൾപ്പെടെയാണ് നൽകിയതെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ ആർ. പ്രകാശ് പറഞ്ഞു. റിപ്പോർട്ട് കണ്ണൂർ എസ്.പിയിലൂടെ കൂത്തുപറമ്പ് പൊലീസിന് കൈമാറും. ജീവൻ രക്ഷിക്കാൻ വിദ്യാർത്ഥി ഓടി രക്ഷപ്പെട്ട് സമീപത്തെ പള്ളിയിൽ അഭയം തേടിയിരുന്നു. പിന്നീട് ബന്ധുക്കളെത്തിയാണ് വിഴിഞ്ഞത്ത് എത്തിച്ചത്. വിദ്യാർത്ഥി വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷന് വിദ്യാർത്ഥിയുടെ ബന്ധുക്കൾ പരാതി നൽകി.അതേസമയം, ഉസ്താദിനെ കൂത്തുപറമ്പ് പൊലീസ് വിളിപ്പിച്ചതായി അറിയുന്നു.