തിരുവനന്തപുരം: ജനങ്ങളെ വ്യാപകമായി ബാധിക്കുന്ന തരത്തിൽ കുടിവെള്ള വിതരണം നിറുത്തിവച്ച് വലിയ പൈപ്പുപണികൾ ചെയ്യുമ്പോൾ സ്വീകരിക്കേണ്ട മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കാൻ വാട്ടർ അതോറിട്ടിയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് മന്ത്രി റോഷി അഗസ്റ്റിൻ നിർദ്ദേശം നൽകി.തലസ്ഥാനത്തുണ്ടായ കുടിവെള്ള വിതരണ പ്രതിസന്ധിയുടെ അടിസ്ഥാനത്തിൽ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണിത്.
മുൻപുണ്ടായിരുന്ന മാനദണ്ഡങ്ങൾ പരിഷ്കരിച്ചാവും പുതിയ സ്റ്റാൻഡേർഡ് ഒഫ് പ്രൊസീജിയർ തയ്യാറാക്കുക. പുതുക്കിയ മാനദണ്ഡപ്രകാരം മാത്രമേ ഇനിമുതലുള്ള പ്രവൃത്തികൾ നടപ്പാക്കാവൂയെന്ന് ചീഫ് എൻജിനിയർ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകും.കുടിവെള്ള വിതരണ തടസം നീണ്ടാൽ പകരം സംവിധാനം ഏർപ്പെടുത്തും. കരാറുകാരന്റെ പ്രവൃത്തിപരിചയം പരിശോധിച്ച് മാത്രമേ കരാർ നൽകൂ.കരാറുകാരന് മതിയായ ഉപകരണങ്ങളും തൊഴിലാളികളുമുണ്ടെന്ന് ഉറപ്പുവരുത്തും.
പെട്ടെന്നുള്ള പ്രവൃത്തികൾക്ക് ടെൻഡർ നൽകാൻ സമയം ലഭിക്കില്ലെന്നതിനാൽ പ്രധാന കരാറുകാരെ ഓരോ സർക്കിളുകളിലും എംപാനൽ ചെയ്യും.മുൻകൂട്ടി ആസൂത്രണം ചെയ്തിട്ടുള്ള പ്രവൃത്തികൾ ഏഴുദിവസം മുമ്പ് ഉപഭോക്താക്കളെ എസ്.എം.എസ് മുഖേന നേരിട്ടറിയിക്കണം.
കൂടുതൽ വാൽവുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാനും മന്ത്രി നിർദ്ദേശിച്ചു. പ്രവർത്തനക്ഷമമല്ലാത്ത വാൽവുകൾ കണ്ടെത്തി പ്രവർത്തനക്ഷമമാക്കും.
നഗരങ്ങളിൽ പുതിയ
പൈപ്പ് ലൈനുകൾ
നഗരപ്രദേശങ്ങളിൽ നിലവിലുള്ളതിന് സമാന്തരമായി പുതിയ പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിന് സാദ്ധ്യതാപഠനം നടത്തും
മുൻകൂട്ടി നിശ്ചയിച്ച പ്രവൃത്തികളുടെ വിശദാംശങ്ങൾ അതതു സ്ഥലത്തെ തദ്ദേശ സ്ഥാപനങ്ങളെയും ജില്ലാഭരണകൂടത്തെയും അറിയിക്കും
ഓരോ പ്രവൃത്തിയുടെയും ഉത്തരവാദിത്വം ഒരു ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും
നിരീക്ഷണത്തിന് മുതിർന്ന ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും
നെയ്യാർ ഡാമിൽ നിന്ന് കാട്ടാക്കട - മലയിൻകീഴ് - പേയാട് - കുണ്ടമൺകടവ് വഴി പി.ടി.പി നഗറിലേക്ക് കുടിവെള്ളം നേരിട്ടെത്തിച്ച് വിതരണം നടത്തുന്ന പദ്ധതി അടുത്ത വർഷത്തേക്ക് ടെൻഡർ ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
മന്ത്രി റോഷി അഗസ്റ്റിൻ