വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്ത് മറൈൻ കൺട്രോൾ റൂം സജ്ജമായി. പുലിമുട്ടിന് മുകളിലാണ് മിനി ലൈറ്റ് ഹൗസ് മാതൃകയിൽ സിഗ്നൽ ടവർ നിർമിച്ചത്.ഇതിന് താഴെയാണ് കൺട്രോൾ റൂം സംവിധാനം തയ്യാറാകുന്നത്.വെസൽ ട്രാക്കിംഗ് മാനേജ്‌മെന്റ് സിം(വി.ടി.എം.എസ്) ഭാഗമായാണ് കൺട്രോൾ റൂം പ്രവർത്തനം തുടങ്ങുന്നത്.ഇതിന്റെ ഭാഗമായി സിഗ്നൽ ടവർ പുലിമുട്ടിന് മുകളിലായിത്തന്നെ സ്ഥാപിച്ചിട്ടുണ്ട്.തുറമുഖത്തും പരിസരത്തും എത്തുന്ന കപ്പലുകളും ബോട്ടുകളും നിരീക്ഷിക്കുന്നതിനായാണ് ടവർ സ്ഥാപിച്ചത്.ടവറിന് മുകളിൽ സ്ഥാപിക്കുന്ന റഡാർ സംവിധാനത്തിലൂടെയാണ് ഇവയുടെ നിരീക്ഷണം നടക്കുന്നതെന്ന് തുറമുഖ അധികൃതർ പറഞ്ഞു. വിഴിഞ്ഞം തീരത്തു നിന്ന് നോക്കിയാൽ വലതുവശത്ത് കോവളത്തെ ലൈറ്റ്ഹൗസ് കാണാനാകും. ഇതിന്റെ മാതൃകയിലാണ് ചുവപ്പും വെള്ളയും പെയിന്റടിച്ച തുറമുഖത്തെ മിനി ടവറും തയ്യാറാക്കിയിരിക്കുന്നത്.

 ഭീമൻ കപ്പൽ ഇന്നെത്തും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ചരിത്രം കുറിക്കാൻ ഭീമൻ കപ്പൽ ഇന്ന് രാവിലെ ബർത്തിലെത്തും. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പൽ എം.എസ്‌.സി ക്ലോഡ് ഗ്രാർഡെറ്റാണ് തുറമുഖത്തെത്തുന്നത്. ഏതാനും മണികൂർ ഇവിടെ തങ്ങി കണ്ടെയ്‌നർ ഇറക്കിയശേഷം കപ്പലിൽ ബാക്കിയുള്ള കണ്ടെയ്‌നറുകൾ പുനഃക്രമീകരിച്ചശേഷം മടങ്ങുമെന്നാണ് അധികൃതർ പറയുന്നത്.399 മീറ്റർ നീളവും 61.5 മീറ്റർ വീതിയുമുള്ള കപ്പലിന് 24,116 ടി.ഇ.യു കണ്ടെയ്‌നർ ശേഷിയുണ്ട്.ഇന്ത്യയിലും ദക്ഷിണേഷ്യയിലും ബർത്ത് ചെയ്യുന്ന ഏറ്റവും വലിയ കപ്പലായ ഇത് ഇന്ത്യയിൽ ആദ്യമായാണ് എത്തുന്നത്.കൊളംബോ തുറമുഖത്തടുക്കുന്ന വലിയ കപ്പലുകളായ എവർഎയ്സ്,എവർ എല്ലോട്ട് തുടങ്ങിയവയെക്കാൾ ഗ്രാർഡെറ്റിന് ശേഷി കൂടുതലാണ്. വിഴിഞ്ഞത്ത് 366 മീറ്റർ നീളവും 51 മീറ്റർ വീതിയുമുള്ള കപ്പലുകളാണ് ഇതുവരെ അടുത്തതിൽ ഏറ്റവും വലുത്. ഈ കപ്പലിന് ഡ്രാഫ്ടും കൂടുതലാണ്.ഇന്ത്യയിലെ മറ്റ് തുറമുഖങ്ങളിൽ അടുത്തതിൽ എം.എസ്‌.സി അന്നയായിരുന്നു ഏറ്റവും വലിപ്പമേറിയത്.