vld-1

വെള്ളറട: വെള്ളറട ടൗണിൽ പട്ടാപ്പകൽ കാട്ടുപന്നികളുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു, 15 ഓളം കടകളിൽ കയറി സാധനങ്ങളും നശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5ഓടെ ഒരു കൂട്ടം പന്നികൾ വെള്ളറട ചെമ്പൂര് റോഡിലുള്ള കിംഗ് മൊബൈൽ ഷോപ്പിൽ കയറി ഗ്ലാസ് ഷെൽഫുകൾ ഇടിച്ചു നശിപ്പിച്ചു. കടയ്ക്കുള്ളിലുണ്ടായിരുന്ന സെയിൽസ് മാൻ സുധീറിന് തേറ്റകൊണ്ട് കാലിൽ ഇടിച്ച് പരിക്കേൽപ്പിച്ചു. സമീപത്തെ വിജയ് അക്വാറിയത്തിലെ ഗ്ലാസ് ടാങ്കുകളും പ്രിയ ട്രേഡേഴ്സിലും കയറി നാശനഷ്ടങ്ങൾ വരുത്തി. പന്നികളെ കണ്ട് ആളുകൾ പലഭാഗത്തേക്കും ഓടി രക്ഷപ്പെട്ടു. ഇതിനിടയിലാണ് കടകളിൽ കയറി സാധനങ്ങൾ നശിപ്പിച്ചത്. വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. ആക്രമണങ്ങൾക്കു ശേഷം പല ഭാഗങ്ങളിലായി പന്നികൾ ഓടിയതിനാൽ പ്രദേശവാസികൾ ഭീതിയിലാണ്.