തിരുവനന്തപുരം: വർണശബളമായ ഘോഷയാത്രയോടെ ഗണേശോത്സവം സമാപിച്ചു.ഗണേശോത്സവ ട്രസ്റ്റിന്റെയും ശിവസേനയുടെയും നേതൃത്വത്തിൽ ഇക്കഴിഞ്ഞ 4ന് ആരംഭിച്ച ഗണേശോത്സവത്തിനാണ് ഇന്നലെ പരിസമാപ്തിയായത്.ഇന്നലെ വൈകിട്ട് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുന്നിൽ നിന്ന് വിഗ്രഹഘോഷയാത്ര ആരംഭിച്ചു.രാത്രിയോടെ ശംഖുംമുഖത്ത് വിഗ്രഹനിമജ്ജനം നടന്നു.
പഴവങ്ങാടിയിൽ സാംസ്‌കാരിക സമ്മേളനത്തോടെയാണ് ശംഖുംമുഖത്തേക്കുള്ള നിമജ്ജന ഘോഷയാത്ര ആരംഭിച്ചത്. ജില്ലയിലെ 1008 കേന്ദ്രങ്ങളിൽ നിന്നും രണ്ടുലക്ഷം വീടുകളിലും പൂജിച്ച ഗണപതിവിഗ്രഹങ്ങൾ ഉച്ചയ്ക്ക് ശേഷം തലസ്ഥാനത്തേക്ക് എഴുന്നള്ളിച്ചു. അപ്പോൾത്തന്നെ തലസ്ഥാന നഗരി ഗണപതി മന്ത്രങ്ങളാൽ മുഖരിതമായിരുന്നു.
32 രൂപഭാവങ്ങളുള്ള ഒരടി മുതൽ 32 അടിവരെ ഉയരമുള്ള വിഗ്രഹങ്ങൾ രാജസ്ഥാനിലെ ശില്പികൾ കളിമണ്ണിലും ചകിരിയിലും നിർമ്മിച്ചതായിരുന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഘോഷമായിട്ടായിരുന്നു ഘോഷയാത്ര പുറപ്പെട്ടത്.
രാത്രി ശംഖുംമുഖം ആറാട്ട് കടവിൽ ഘോഷയാത്ര എത്തിയപ്പോൾ വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്കു വേണ്ടി പ്രാർത്ഥനയും പൂജയും നടത്തി.തുടർന്ന് പ്രത്യേക ഗണപതിഹോമവും നടന്നു.വെങ്ങാനൂർ പൗർണമിക്കാവ് ക്ഷേത്രത്തിലെ തന്ത്രിമാർ ഗണേശ വിഗ്രഹങ്ങളുടെ നിമജ്ജനത്തിനുള്ള പൂജയ്ക്ക് നേതൃത്വം നൽകി. സാംസ്‌കാരിക സമ്മേളനത്തിന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ,എം.എൽ.എമാരായ ആന്റണി രാജു,എം.വിൻസെന്റ്,മുൻ എം.പി കെ.മുരളീധരൻ,വി.എസ്.ശിവകുമാർ എന്നിവർ തിരി തെളിച്ചു. ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ.ജി.മാധവൻനായർ,ട്രസ്റ്റ് ഭാരവാഹികളായ ചെങ്കൽ രാജശേഖരൻനായർ,എം.എസ്.ഭുവനചന്ദ്രൻ,കല്ലിയൂർ ശശി,മണക്കാട് രാമചന്ദ്രൻ,പെരിങ്ങമല അജി,ജയശ്രീ ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.