തിരുവനന്തപുരം: കഴിഞ്ഞ എട്ടുദിവസം തലസ്ഥാനത്തെ വലച്ച കുടിവെള്ളപ്രശ്നം ഏറക്കുറെ പരിഹരിച്ചതായി ജലഅതോറിട്ടി. ജലവിതരണം പുനഃസ്ഥാപിച്ചിട്ടും എയർബ്ലോക്കും ചോർച്ചയും മൂലം സൗത്ത് ഡിവിഷനിലെ ചില പ്രദേശങ്ങളിൽ വെള്ളമെത്തിയില്ല. പൂജപ്പുര പൈ റോഡ്,വെള്ളായണി ശാന്തിവിള,മേലാറണ്ണൂർ,തിരുമല,പുന്നയ്ക്കാമുകൾ,പാറക്കോവിൽ,കുരിവിക്കാട്,കളിയിക്കൽ ലെയ്ൻ എന്നിവിടങ്ങളിൽ പൈപ്പ് ലൈനിലെ എയർബ്ലോക്ക് ബുധനാഴ്ച രാത്രിയോടെ പരിഹരിച്ചു.ഇന്നലെ രാവിലെ മുതൽ ഈ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളമെത്തിയതായി അധികൃതർ പറഞ്ഞു.
ചില വീടുകളിൽ വെള്ളത്തിന് വേണ്ടത്ര മർദ്ദമില്ലെന്നും മുകൾ നിലയിലേക്ക് വെള്ളം ലഭിക്കുന്നില്ലെന്നും ആരോപണമുണ്ട്.അതേസമയം,സ്മാർട്ട്സിറ്റിയുമായി ബന്ധപ്പെട്ട ഇന്റർകണക്ഷൻ ജോലികൾ ഓണത്തിനുശേഷമേ പുനഃരാരംഭിക്കുകയുള്ളൂ.വഴുതക്കാട് സിഗ്നൽ ജംഗ്ഷനിലും മാനവീയം വീഥിയിലുമായി മൂന്ന് ഇന്റർകണക്ഷനുകളാണ് ഇനി ബാക്കിയുള്ളത്.മാനവീയത്തെ പണി ഇന്നലെ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമെങ്കിലും മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗം മൂലം മാറ്റിവയ്ക്കുകയായിരുന്നു.