തിരുവനന്തപുരം: കേരള സർവകലാശാലയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏറ്റുമുട്ടലിൽ ‌‌കണ്ടാലറിയാവുന്ന 300 എസ്.എഫ്.ഐ, കെ.എസ്.യു പ്രവർത്തകർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.യൂണിവേഴ്സിറ്റി രജിസ്ട്രാറുടെ പരാതിയിൽ കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്.

ഇവരെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുക്കുന്ന നടപടികൾ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.ഇതിനായി മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വന്ന വീഡിയോകളും ചിത്രങ്ങളും യൂണിവേഴ്സിറ്റി ആസ്ഥാനത്തുള്ള സി.സി ടിവി ദൃശ്യങ്ങളും ശേഖരിക്കുന്ന നടപടികൾ ആരംഭിച്ചു.

അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കിയെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. ഇതിൽ കഴിഞ്ഞ ദിവസം കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പൊതുമുതൽ നശിപ്പിക്കൽ,സർക്കാർ ജീവനക്കാരുടെ ജോലി തടസപ്പെടുത്തൽ,ജീവനക്കാരെ ആക്രമിക്കൽ,അസഭ്യം പറച്ചിൽ തുടങ്ങി 10 ഓളം വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കേരള യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിന്റെ വിരോധത്തിൽ യൂണിവേഴ്സിറ്റി രജിസ്ട്രാറുടെ പി.എയെയും മറ്റ് ഉദ്യോഗസ്ഥരെയും തടഞ്ഞുവച്ച് മർദിച്ചെന്നും അസഭ്യം പറഞ്ഞെന്നും പരാതിയിലുണ്ട്. ഇതുകൂടാതെ സംഘർഷത്തിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്തവരെ രക്ഷപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പിനിടെ ബാലറ്റ് മോഷ്ടിച്ചെന്ന ആരോപണത്തിന്മേൽ ബുധനാഴ്ച രാത്രിയാണ് കേരള യൂണിവേഴ്സിറ്റി ആസ്ഥാനത്ത് കെ.എസ്.യു - എസ്.എഫ്‌.ഐ സംഘർഷമുണ്ടായത്. സംഘർഷത്തെ തുടർന്ന് രാത്രി വോട്ടെണ്ണൽ നിറുത്തിവച്ചിരുന്നു.നിരവധി പേർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്.