തിരുവനന്തപുരം: ഓണവട്ടത്തിനുള്ള ഓട്ടത്തിൽ നഗരം.നാളത്തെ ഉത്രാടപ്പാച്ചിലിന് മുൻപുള്ള വെപ്രാളം റോഡുകളിൽ ഗതാഗതക്കുരുക്ക് കൂട്ടിയിട്ടുണ്ട്.എല്ലാം വാങ്ങിയോ എന്ന് ഉറപ്പാക്കാൻ പൂരാടവും ഒന്നും വാങ്ങാനില്ലെങ്കിലും വെറുതെ കറങ്ങാൻ ഉത്രാടവും എന്നതാണ് മലയാളിയുടെ രീതി.നഗരത്തിൽ ഈ ശീലം കൂടുതലുമാണ്.

ശ്വാസംവിടാൻ

നേരമില്ലാതെ

നഗരത്തിൽ ഓണക്കച്ചവടം പൊടിപൊടിക്കുകയാണ്. ഓണാഘോഷങ്ങളില്ലെങ്കിലും ഓണക്കോടി വാങ്ങാനും സദ്യവട്ടമൊരുക്കാനും പതിവ് തിരക്കിന് കുറവൊന്നുമില്ല. ഓണത്തിന് കണ്ണുംപൂട്ടി കാശ് ചെലവാക്കുന്നവരിൽ വലിയ പ്രതീക്ഷയാണ് വ്യാപാരികൾക്ക്. ഉത്രാടദിനമായ നാളെയാണ് അവസാനവട്ട ഷോപ്പിംഗ്. ഓണത്തിന്റെ വെപ്രാളങ്ങൾ ഏറെ കാണാനാവുന്നത് ചാലയിലും കിഴക്കേകോട്ടയിലുമാണ്.

നഗരത്തിലെ തുണിക്കടകളിലെ തിരക്കാണ് തിരക്ക്.തുന്നൽക്കടകൾ റെക്കാഡ് തുന്നൽ നടത്തുകയാണ്. രാത്രി വൈകിയും പല കടകളിലും ജോലികൾ നടക്കുന്നുണ്ട്. ഇമിറ്റേഷൻ ആഭരണ വില്പനകേന്ദ്രങ്ങളിലും നല്ല കച്ചവടം നടക്കുന്നുണ്ട്. ഓണപ്പരിപാടികൾക്ക് യുവതികളും പെൺകുട്ടികളുമാണ് ഇത്തരം ആഭരണങ്ങൾ വാങ്ങുന്നത്.

കിഴക്കേകോട്ടയിൽ തെരുവ് കച്ചവടക്കാർക്ക് തെറ്രില്ലാത്ത കച്ചവടം നടക്കുന്നുണ്ട്.

എന്നാൽ വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ ഓണാഘോഷ പരിപാടികളില്ലാത്തതിനാൽ കനകക്കുന്ന്,മ്യൂസിയം,കിഴക്കേകോട്ട പരിസരങ്ങളിൽ കച്ചവടം നടത്തിയിരുന്നവർ നിരാശയിലാണ്.

പതിവുപോലെ പച്ചക്കറിക്കായി കടകളിലും ഓണച്ചന്തകളിലും നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. എങ്കിലും തിരുവോണത്തിനുള്ള പച്ചക്കറി ഉത്രാടത്തിന് വാങ്ങുന്നവർ ഏറെയാണ്. ഇതും കച്ചവടക്കാരുടെ പ്രതീക്ഷയാണ്.

പൂവിനും പച്ചക്കറിക്കും മുൻവർഷങ്ങളെപ്പോലെ കടുത്ത വിലയില്ലാത്തതിനാൽ ആളുകൾക്ക് ആശ്വാസം.