തിരുവനന്തപുരം: സൂര്യഭഗവാൻ പദ്മനാഭ സ്വാമിക്ക് പാദപൂജ ചെയ്യുന്ന വിഷുവം 23ന്. ക്ഷേത്ര ഗോപുരത്തിന്റെ വാതിലുകളിലൂടെ സൂര്യരശ്‌മികൾ അസുലഭ കാഴ്ചയൊരുക്കി കടന്നുപോകുന്ന ദിനമാണ് വിഷുവം.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുരത്തിന് ഏഴ് നിലകളുണ്ട്. ഓരോ നിലയുടെ നടുവിലും ഇരുഭാഗത്തേക്കും കാണാവുന്ന വിധം വാതിലുകളുണ്ട്. ഈ ദ്വാരങ്ങളിലൂടെ അസ്തമയ സൂര്യന്റെ പ്രകാശം മറുഭാഗത്തേക്ക് പതിക്കുന്നത് രണ്ട് നാളുകളിലാണ്. മാർച്ച് 21നും സെപ്തംബർ 23നും. ആദ്യം നടുവിലെ താഴികക്കുടത്തിന് മുകളിൽ ദൃശ്യമാകുന്ന സൂര്യൻ പിന്നീട് ഓരോ ദ്വാരങ്ങളിലൂടെ പ്രകാശം പരത്തി താഴേക്ക് മറയുന്നതാണ് കാഴ്ച. സൂര്യന്റെ ഉത്തര

ദക്ഷിണാ വർത്തങ്ങളുടെ

ഭ്രമണമാറ്റത്തിന് അനുസ്യൂതമായാണ് ഗോപുരം നിർമ്മിച്ചിട്ടുള്ളത്.

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആദിരൂപമായ തിരുവട്ടാർ ആദികേശവക്ഷേത്രത്തിൽ

കന്നിമാസം 3 മുതൽ 9 വരെ അസ്തമയ സൂര്യന്റെ പ്രകാശകിരണങ്ങൾ ശ്രീകോവിലിന് ഉള്ളിലേക്ക് പതിക്കും. ഇവിടെ ഉയർന്ന ഗോപുരമില്ല. കേരളീയശൈലിയിൽ ഓടുപതിച്ച ഗോപുരമാണുള്ളത്.