
തിരുവനന്തപുരം: നാഷണൽ അച്ചീവ്‌മെന്റ് സർവേയിൽ (നാസ്) ഹാജരും വിജയശതമാനവും കുറഞ്ഞത് ഗൗരവമായി കാണണമെന്ന് മന്ത്രി വി. ശിവൻകുട്ടി. ശിക്ഷക് സദനിൽ കഴിഞ്ഞദിവസം നടന്ന ക്യു.ഐ.പി യോഗത്തിൽ സംസാരിക്കുകയായിരുന്നു. പ്രശ്നം പരിഹരിക്കാൻ അദ്ധ്യാപകർ ആത്മാർത്ഥമായി സഹകരിക്കണം. ജില്ലാതല മോണിറ്ററിംഗിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
നാസ് പരീക്ഷയ്ക്ക് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉപയോഗിച്ചതാണ് ഫലം താഴേക്ക് പോകാൻ കാരണമെന്നും പരീക്ഷാരീതികളിൽ കാര്യമായ മാറ്റമുണ്ടാവണമെന്നും കെ.പി.എസ്.ടി.എ പ്രസിഡന്റ് കെ.അബ്ദുൽ മജീദ് അഭിപ്രായപ്പെട്ടു. 3,6,9 ക്ലാസ്സുകളിലെ 10 ശതമാനം കുട്ടികൾക്കുള്ള നാസ് ടെസ്റ്റിനായി മുഴുവൻ കുട്ടികൾക്കുമായി പരിശീലനം ഏർപ്പെടുത്തുന്നത് കാരണം മറ്റ് പാഠഭാഗങ്ങളിൽ വേണ്ടത്ര ശ്രദ്ധിക്കാനാവുന്നില്ലെന്നും കെ.പി.എസ്.ടി.എ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ പൊതുവിദ്യാഭ്യാസരംഗം നാസ് കേന്ദ്രീകൃതമായിപ്പോയെന്നും ഇത് സാധാരണ വിദ്യാലയ പ്രവർത്തനങ്ങളെ പിന്നോട്ടടിപ്പിക്കുന്നതായും എൻ.ടി.യു സംസ്ഥാന പ്രസിഡന്റ് പി എസ്. ഗോപകുമാർ ചൂണ്ടിക്കാട്ടി.
കെ.എസ്.ടി.എ ജനറൽ സെക്രട്ടറി കെ.ബദറുന്നിസ, എ.കെ.എസ്.ടി.യു ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്‌ണൻ, വിദ്യാഭ്യാസ സെക്രട്ടറി റാണി ജോർജ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്. എസ്.സി.ഇ.ആർ.ടി ഡയറക്ടർ ആർ.കെ.ജയപ്രകാശ്, എസ്.എസ്.കെ ഡയറക്‌ടർ എ.ആർ. സുപ്രിയ തുടങ്ങിയവർ പങ്കെടുത്തു.
കണ്ണൂർ ജനശതാബ്ദിക്ക്
പുത്തൻ കോച്ചുകൾ
തിരുവനന്തപുരം: തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി എക്സ്പ്രസിന് എൽ.എച്ച്.ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകൾ അനുവദിച്ചു. ജർമ്മൻ സാങ്കേതിക വിദ്യയിൽ നിർമ്മിക്കുന്ന സ്റ്രെയിൻലസ് സ്റ്റീൽ കോച്ചുകളാണിവ. തിരുവനന്തപുരത്തു നിന്നുള്ള സർവീസിൽ 29 മുതലും കണ്ണൂരിൽ നിന്നുള്ളതിൽ 30 മുതലും പുതിയ കോച്ചുകളുണ്ടാകും.
ജനശതാബ്ദിയിലെ പഴയ കോച്ചുകൾ മാറ്റണമെന്ന യാത്രക്കാരുടെ ഏറെ നാളായുള്ള ആവശ്യത്തിനാണ് പരിഹാരമുണ്ടായത്. അതേസമയം, കണ്ണൂർ ജനശതാബ്ദി പ്രതിദിന സർവീസാക്കണമെന്ന ആവശ്യം നടപ്പായിട്ടില്ല. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി, എറണാകുളം–ബംഗളൂരു ഇന്റർസിറ്റി എന്നിവയുടെ കോച്ചുകൾ മാറുന്നതും റെയിൽവേയുടെ പരിഗണനയിലുണ്ട്.