
തിരുവനന്തപുരം: ബി.എ പരീക്ഷ പാസാകാത്ത എസ്.എഫ്.ഐ നേതാവ് പി.എം. ആർഷോയ്ക്ക് എം.എ ക്ലാസ്സിൽ പ്രവേശനം നൽകിയ സംഭവത്തിൽ ആർഷോയ്ക്കും മഹാരാജാസ് കോളേജ് പ്രിൻസിപ്പലിനുമെതിരേ നടപടി ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും സർക്കാരിനും എം.ജി.യൂണിവേഴ്സിറ്റിക്കും പരാതി നൽകി. 5 വർഷ ആർക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്സിൽ പ്രവേശനം നേടിയ ആർഷോ, ബിരുദത്തിന് വേണ്ട ആറാം സെമസ്റ്റർ പാസാകാതെയാണ് പി.ജിക്ക് തത്തുല്യമായ ഏഴാം സെമസ്റ്ററിന് പ്രവേശനം നൽകിയത്. അഞ്ചും ആറും സെമസ്റ്റർ പരീക്ഷയെഴുതുന്നതിന് 75 ശതമാനം ഹാജർ വേണം. ആർഷോയ്ക്ക് 10 ശതമാനം മാത്രമാണ് ഹാജരുണ്ടായിരുന്നത്. 120 ക്രെഡിറ്റ് ലഭിക്കാതെ ഏഴാം സെമസ്റ്ററിലേക്ക് പ്രവേശനം നൽകാൻ പാടില്ലെന്ന വ്യവസ്ഥയും മറികടന്നെന്നാണ് പരാതി.