വിതുര: ഓണവിപണി ലക്ഷ്യമിട്ട് പൊൻമുടി,ബോണക്കാട്,കല്ലാർ,പേപ്പാറ വനമേഖലകൾ കേന്ദ്രീകരിച്ച് വൻതോതിൽ ചാരായവാറ്റ് നടത്തുന്നു. പൊൻമുടി സംസ്ഥാനപാതയിലൂടെ ജില്ലയുടെ വിവിധഭാഗങ്ങളിലേക്ക് നാടൻചാരായം നിയന്ത്രണമില്ലാതെ ഒഴുകുകയാണ്. ഓണനാളുകളിൽ ഇവയ്ക്ക് വൻ ഡിമാന്റാണ്. കുപ്പിക്ക് 1500 മുതൽ 2000 രൂപവരെയാണ് വില. കൂടാതെ നാടൻചാരായം കളറാക്കി കുപ്പിയിൽ നിറച്ച് ലേബലൊട്ടിച്ച് സെക്കൻഡ്സായി വിൽക്കുവാൻ മദ്യശാലകളിലും എത്തിക്കുന്നുണ്ട്.
പൊൻമുടിയിലെത്തുന്ന ടൂറിസ്റ്റുകൾക്കിടയിൽ ഓണത്തിന് നാടൻ വൻതോതിൽ വിറ്റഴിക്കുകയാണ് പതിവ്. വില്പന കൊഴുപ്പിക്കുന്നതിനായി സ്ത്രീകളും കളത്തിലുണ്ട്. യുവസംഘങ്ങൾ ബൈക്കുകളിൽ പറന്നാണ് ലഹരിവില്പന കൊഴുപ്പിക്കുന്നത്. ഓണക്കാലമായതോടെ ബിവറേജസ് ഔട്ട്ലെറ്റുകളിൽ മദ്യവില്പനയും വർദ്ധിച്ചിട്ടുണ്ട്.

ലഹരി പടരുന്നു
മലയോരമേഖലയിൽ ലഹരിപദാർത്ഥങ്ങളുടെ വില്പനയും ഉപഭോഗവും വർദ്ധിക്കുകയാണ്. വിതുര, തൊളിക്കോട്, ആര്യനാട്, നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലാണ് ലഹരിപടരുന്നത്. എം.ഡി.എം.എയും കഞ്ചാവും വൻതോതിൽ ഒഴുകുകയാണ്. ലഹരിപദാർത്ഥങ്ങളുടെ വില്പനയും ഉപയോഗവും ഗണ്യമായി വർദ്ധിച്ചിട്ടും നടപടികൾ സ്വീകരിക്കുന്നില്ലെന്ന പരാതിയുണ്ട്. പൊലീസിന്റെയും എക്സൈസിന്റെയും പരിശോധനകൾ മുറയ്ക്ക് നടക്കാറുണ്ടെങ്കിലും പൊൻമുടി-തിരുവനന്തപുരം സംസ്ഥാനപാതയിലൂടെ ലഹരി ഒഴുകുകയാണ്.

രണ്ട് വർഷം മുൻപ് മലയോരമേഖലയിൽ എക്സൈസും പൊലീസും നടത്തിയ പരിശ്രമത്തിൽ വ്യാജവാറ്റ് സംഘത്തിന്റെ നടുവൊടിച്ചെങ്കിലും വീണ്ടും തലപൊക്കുകയായിരുന്നു. നേരത്തെ വനാന്തരങ്ങളിൽ തമ്പടിച്ച് മരങ്ങൾ മുറിച്ച് തീയിട്ടും വ്യാജവാറ്റ് നടത്തിയിരുന്നു. അന്ന് വ്യാജവാറ്റ് സംഘം മൃഗവേട്ട സംഘവുമായി കൈകോർത്താണ് പ്രവർത്തിച്ചിരുന്നത്. അടുത്തിടെ പൊൻമുടി മേഖലയിൽ വൈഡൂര്യഖനനവും നടന്നിരുന്നു. ഔഷധക്കടത്ത് സംഘങ്ങളും വനമേഖലയിൽ സജീവമാണെന്ന് പരാതിയുണ്ട്.

എം.ഡി.എം.എയും കഞ്ചാവും

ടൂറിസം മേഖല എം.ഡി.എം.എയുടെയും വാറ്റ് ചാരായത്തിന്റെയും കഞ്ചാവിന്റെയും ലഹരിയിൽ മുങ്ങുകയാണ്. തലസ്ഥാനത്തെത്തുന്ന വിനോദസഞ്ചാരികൾ പൊൻമുടിയിലെത്തി മടങ്ങുമ്പോൾ ഇവർക്ക് നാടനും കഞ്ചാവും എത്തിക്കാൻ പ്രത്യേകസംഘങ്ങളും സജീവമാണ്. ടൂറിസ്റ്റുകൾക്കിടയിൽ വൻ വിലയ്ക്കാണ് ലഹരികൾ വിറ്റഴിക്കുന്നത്. വില്പനയ്ക്കിടയിൽ പൊലീസും എക്സൈസും അനവധി പേരെ പിടികൂടിയിട്ടുമുണ്ട്. കൂടാതെ വിദ്യാർത്ഥികളുടെ ഇടയിലും ലഹരി ഉപയോഗം കൂടുതലാണ്.

റെയ്ഡുകൾ പ്രഹസനം

എക്സൈസും പൊലീസും റെയ്ഡ് ശക്തിപ്പെടുത്തിയിട്ടുണ്ടെങ്കിലും ലഹരിവില്പന തുടരുകയാണ്. നാട്ടുകാർ നൽകുന്ന സന്ദേശത്തിലാണ് പലപ്പോഴും റെയ്ഡുകൾ. അധികൃതരുടെ കണ്ണുവെട്ടിച്ച് തിരുവനന്തപുരം പൊൻമുടി സംസ്ഥാനപാതയിൽ കഞ്ചാവും എം.ഡി.എം.എയും നാടൻചാരായവും ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങളേറയായി.