വിതുര: പൊൻമുടി -തിരുവനന്തപുരം സംസ്ഥാനപാതയിൽ വിതുര മുതൽ തൊളിക്കോട് വരെ റോഡരികിൽ നിൽക്കുന്ന മരങ്ങൾ യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നതായി പരാതി. കഴിഞ്ഞദിവസം തൊളിക്കോട് പുളിമൂടിന് സമീപം റോഡരികിൽ നിന്ന വൻമരത്തിന്റെ ശിഖരം ഒടിഞ്ഞ് റോഡിലേക്ക് പതിച്ച് വൈദ്യുതിലൈൻ തകരാറിലായിരുന്നു. തൊളിക്കോട് നെടുമങ്ങാട് റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതതടസവും നേരിട്ടു.
കാറ്റത്തും മഴയത്തും റോഡരികിൽ നിൽക്കുന്ന മരങ്ങൾ ഒടിഞ്ഞും കടപുഴകിയും പൊൻമുടി റോഡിൽ പതിക്കുന്നതിനാൽ ഗതാഗതതടസം നേരിടുന്നത് പതിവാകുകയാണ്.
മുൻപ് പുളിമൂട് ജംഗ്ഷനിൽ രോഡരികിൽ നിന്ന മരത്തിന്റെ ശിഖരം കാറ്റത്ത് ഒടിഞ്ഞുവീണ് ബൈക്ക് യാത്രികൻ തൽക്ഷണം മരിച്ചിരുന്നു. മാസങ്ങൾക്കു ശേഷം മരം മുറിച്ചുമാറ്റിയിരുന്നു.
അപകടാവസ്ഥയിൽ മരങ്ങൾ
വിതുര നെടുമങ്ങാട് റോഡരികിൽ ഏതുസമയത്തും നിലംപൊത്താവുന്ന അപകടാവസ്ഥയിലുള്ള അനവധി മരങ്ങൾ നിൽക്കുന്നുണ്ട്. നാട്ടുകാർക്ക് ഭീഷണിയായ ഇത്തരം മരങ്ങൾ മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് പരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കഴിഞ്ഞമാസം വിതുര പെട്രോൾപമ്പിനു സമീപം കാറ്റത്ത് മരം കടപുഴകിവീണ് പൊൻമുടി റൂട്ടിൽ ഗതാഗത തടസമുണ്ടാകുകയും വൈദ്യുതി ലൈൻ തകരുകയും ചെയ്തിരുന്നു.
പൊൻമുടി കല്ലാർ റൂട്ടിലും
വിതുര- നെടുമങ്ങാട് റൂട്ടിന് പുറമേ കല്ലാർ- പൊൻമുടി റൂട്ടിലും ഏതുസമയത്തും നിലംപൊത്താവുന്ന അവസ്ഥയിൽ നിരവധി മരങ്ങൾ നിൽക്കുന്നുണ്ട്. രണ്ടാഴ്ച മുൻപ് കല്ലാർ പൊൻമുടി റൂട്ടിൽ നാലിടങ്ങളിൽ മരം കടപുഴകി റോഡിൽപതിച്ച് പൊൻമുടി റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതതടസം നേരിട്ടിരുന്നു. വൈദ്യുതിലൈനും തകർന്നു. ടൂറിസ്റ്റുകൾക്ക് ഭീഷണിയായ മരങ്ങൾ മുറിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഉയരുകയാണ്.