water

കുടിവെള്ള വിതരണം നിറുത്തിവച്ച് പൈപ്പ് പണി നടത്തേണ്ടി വരുമ്പോൾ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ വിവരം മുൻകൂട്ടി അറിയിക്കുന്ന സംവിധാനം ഇപ്പോൾത്തന്നെ ഉണ്ട്. എന്നാൽ ഇതൊക്കെ മിക്കവാറും പണി നടക്കുന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളിലാണ് അറിയിപ്പു രൂപത്തിൽ ജനങ്ങളിലേക്ക് എത്താറുള്ളത്. പലരുടെയും ശ്രദ്ധയിൽപ്പെട്ടെന്നുമിരിക്കില്ല. രാവിലെ ഉണർന്നെഴുന്നേൽക്കുമ്പോഴാകും പൈപ്പിൽ വെള്ളമില്ലെന്ന കാര്യം ബോദ്ധ്യപ്പെടുക. കഴിഞ്ഞ വാരം തിരുവനന്തപുരം നഗരത്തിൽ നാല്പത്തിനാലു വാർഡുകളിൽ തുടർച്ചയായി അഞ്ചുദിവസം കുടിവെള്ളം മുടങ്ങിയതിനെത്തുടർന്ന് നഗരവാസികൾക്കുണ്ടായ ദുരിതവും കഷ്ടപ്പാടും വർണ്ണനാതീതമാണ്. രണ്ടുദിവസം വെള്ളം മുടങ്ങുമെന്നാണ് അറിയിപ്പുണ്ടായിരുന്നതെങ്കിലും ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും വീഴ്ച കാരണം നിശ്ചിത സമയത്ത് പണി തീർന്നില്ല. പറഞ്ഞതിലും മൂന്നുദിവസത്തിനു ശേഷമാണ് ജലവിതരണം പുനസ്ഥാപിക്കാനായത്. അപ്പോഴും വെള്ളം ലഭിക്കാത്ത ധാരാളം പ്രദേശങ്ങൾ നഗരത്തിലുണ്ടായിരുന്നു. ജനരോഷം അണപൊട്ടിയതു കൊണ്ടാവും മേലിൽ ഇതുപോലെ സംഭവിക്കാതിരിക്കാനുള്ള കരുതൽ നടപടിയെക്കുറിച്ച് ജലവിഭവ വകുപ്പുമന്ത്രി ആലോചിച്ചത്. കുടിവെള്ള വിതരണം നിറുത്തിവച്ച് വലിയ അറ്റകുറ്റപ്പണി ഏറ്റെടുക്കേണ്ടിവരുമ്പോൾ സ്വീകരിക്കേണ്ട മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കാൻ വാട്ടർ അതോറിട്ടിയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകിയിരിക്കുകയാണ്. മാനദണ്ഡങ്ങൾ ഇപ്പോൾത്തന്നെ ഉള്ളതാണ്. അവയ്ക്കു പുറമെ പുതിയവ കൂടി ഉൾപ്പെടുത്തി മാനദണ്ഡം പരിഷ്കരിക്കാനാണു നിർദ്ദേശം. പുതിയ പ്രവൃത്തികൾ പുതുക്കിയ മാനദണ്ഡ പ്രകാരമേ നടത്താവൂ എന്ന് പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്. പണി ഏറ്റെടുക്കുന്ന കരാറുകാരന്റെ പ്രവൃത്തിപരിചയം, അയാളുടെ പക്കൽ അവശ്യം ഉണ്ടായിരിക്കേണ്ട യന്ത്രസംവിധാനങ്ങൾ എന്നിവയൊക്കെ ഉറപ്പാക്കി വേണം കരാർ നൽകാൻ. അവിചാരിതമായുണ്ടാകുന്ന അറ്റകുറ്റപ്പണിക്കായി ഓരോ സർക്കിളിലും കരാറുകാരെ എംപാനൽ ചെയ്യണം. പണി നടക്കുന്നതിന് ഏഴുദിവസം മുൻപ് വിവരം മാദ്ധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കണം. ഇത് ഒന്നിൽ കൂടുതൽ തവണ ആവർത്തിക്കുന്നതും നന്നായിരിക്കും.

തലസ്ഥാനത്ത് അഞ്ചുദിവസം തുടർച്ചയായി വെള്ളം മുടങ്ങാൻ കാ‌രണം ജലവിതരണ പൈപ്പ് ലൈനുകളിൽ വാൾവുകൾ എവിടെയൊക്കെയാണെന്ന് ഉദ്യോഗസ്ഥർക്ക് അറിയാതിരുന്നതുകൊണ്ടാണെന്ന വിവരം പുറത്തുവന്നിരുന്നു. അതോറിട്ടി ഉദ്യോഗസ്ഥരെക്കാൾ ഇക്കാര്യം നന്നായി അറിയാവുന്നത് പഴയ കരാറുകാർക്കാണ്. അവരുടെ സേവനം യഥാകാലം തേടിയിരുന്നെങ്കിൽ ഈയിടെ ഉണ്ടായ കുടിവെള്ള പ്രതിസന്ധി ഇത്രയേറെ നീണ്ടുനിൽക്കുമായിരുന്നില്ല. റെയിൽവേ ലൈനിനടിയിലൂടെ പോകുന്ന പൈപ്പ് മാറ്റി പുതിയതു സ്ഥാപിക്കാനായി അതുമായി ബന്ധപ്പെട്ട വാൾവ് മാത്രം അടച്ച് പണി നടത്തേണ്ടതിനു പകരം വിതരണ ടാങ്കിൽ നിന്നു വിവിധ ഭാഗങ്ങളിലേക്കു പോകുന്ന എല്ലാ വാൾവുകളും അടച്ചുവച്ചതാണ് നഗരത്തിലെ ജലവിതരണം താറുമാറാകാൻ കാരണമായത്. ഈ അബദ്ധം പിന്നീട് മനസ്സിലാക്കി വന്നപ്പോഴേക്കും നഗരവാസികൾ അനുഭവിക്കാനുള്ളതെല്ലാം അനുഭവിച്ചുകഴിഞ്ഞിരുന്നു.

നഗരത്തിൽ നിലവിലുള്ള പൈപ്പ് ലൈനുകൾക്കു സമാന്തരമായി പുതിയ ലൈനുകൾ സ്ഥാപിക്കുന്നതിനുള്ള സാദ്ധ്യതാപഠനം നടക്കാൻ പോവുകയാണ്. നല്ല കാര്യം തന്നെ. സമയബന്ധിതമാകണം പഠനവും പൈപ്പിടലും മറ്റും. നഗരവാസികളുടെ വെള്ളം കുടി മുട്ടിക്കുന്ന തരത്തിലാകരുത്. പൈപ്പ് പണികളുമായി ബന്ധപ്പെട്ട ഓരോ പ്രവൃത്തിയും ചുമതലപ്പെട്ട ഒരു ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ നടത്തണമെന്നു നിഷ്‌കർഷിക്കണം. പണി തീരും വരെ ഈ ഉദ്യോഗസ്ഥന്റെ മേൽനോട്ടവും ഉറപ്പാക്കണം.

പതിറ്റാണ്ടുകളായി പറഞ്ഞുകേൾക്കുന്ന നെയ്യാർഡാമിൽ നിന്നുള്ള ജലം നഗരത്തിലെത്തിച്ച് വിതരണം ചെയ്യാനുള്ള വലിയ പദ്ധതി അടുത്ത വർഷത്തോടെ തുടങ്ങാനാവുമെന്ന് ജലവിഭവ വകുപ്പുമന്ത്രി സൂചിപ്പിച്ചിരുന്നു. നഗരത്തിൽ അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമം ഇല്ലാതാക്കാൻ ഉതകുന്ന ഈ പദ്ധതി ഇനിയും വച്ചുതാമസിപ്പിക്കരുത്.