onam

ലോകത്തെമ്പാടുമുള്ള മലയാളികൾ തിരുവോണം ആഘോഷിക്കുന്ന സുദിനമാണിന്ന്. ഒരുമയുടെയും കൂടിച്ചേരലിന്റെയും ആഹ്ളാദത്തിന്റെയും നല്ല മുഹൂർത്തങ്ങളാണ് ഓരോ ഓണക്കാലവും സമ്മാനിക്കുന്നത്. എന്തൊക്കെ പരിമിതികളും വിഷമങ്ങളും ഉണ്ടെങ്കിലും അതൊക്കെ തത്കാലത്തേക്ക് മറന്നുകൊണ്ട് ഓണം ആഘോഷിക്കാൻ മലയാളിയുടെ മനസ് എന്നെന്നും താത്‌പര്യപ്പെടാറുണ്ട്. വയനാടിന്റെ ദുഃഖം ഒരു വലിയ നീറ്റലായി ഹൃദയത്തിന്റെ അടിത്തട്ടിലുണ്ടെങ്കിലും ഇത്തവണത്തെ ഓണവും നമ്മൾ ആഘോഷിക്കാതിരിക്കുന്നില്ല. പുതിയ പുലരികളും പുതിയ പ്രതീക്ഷകളും മുന്നിൽ കണ്ട് മനുഷ്യവംശം ജീവിതവുമായി സസന്തോഷം മുന്നോട്ടാണ് ഗമിക്കുന്നതെന്ന സന്ദേശം കൂടിയാണ് ഈ ഓണാഘോഷവും പകരുന്നത്.

മനുഷ്യരെല്ലാം സമന്മാരും .... സന്തോഷവാന്മാരുമായിരുന്ന പഴയ കാലത്തിന്റെ സദ്‌ഭരണത്തിന്റെ ഓർമ്മകളാണ് ഓണത്തിന്റെ ഐതിഹ്യം. മഹാബലിയുടെ കാലത്ത് കള്ളവും ചതിയുമൊന്നുമില്ലായിരുന്നു എന്നാണ് ഓണപ്പാട്ടിൽ പറയുന്നത്. ഇന്നാകട്ടെ ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ വരാത്ത ദിവസങ്ങളില്ല. അപ്പോഴും നമ്മുടെ സമൂഹത്തിലെ ഭൂരിപക്ഷം ജനങ്ങളും ഇതിലൊന്നും പെടാതെ മാനം മര്യാദയായി ജീവിക്കുന്നു എന്നത് തിരുവോണപ്പുലരിയിൽ കേരളം സന്ദർശിക്കുന്നു എന്ന് സങ്കൽപ്പിക്കപ്പെടുന്ന മഹാബലിക്കും ആശ്വാസം പകരുന്നുണ്ടാകും.

പഴയകാലത്ത് ഓണം ചിങ്ങമാസത്തിലെ വിളവെടുപ്പുത്സവം കൂടിയായിരുന്നു. ഇന്ന് മലയാളി ഓണമുണ്ണുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന അരിയും പച്ചക്കറിയുമൊക്കെ പാകമാക്കിയാണ്. തൂശനില പോലും ഇറക്കുമതി ചെയ്യപ്പെടുന്ന കാലം. ഇതിൽ നിന്ന് പൂർണമായ ഒരു തിരിച്ചുപോക്ക് അസാദ്ധ്യമാണെങ്കിലും നമ്മുടെ പാഴ്‌നിലങ്ങൾ കൃഷിയിടങ്ങളാക്കി മാറ്റാനുള്ള ഒരു ജനകീയ ശ്രമവും ഉണ്ടവേണ്ടതുണ്ട്. ജീവനോപാധിക്കല്ലാതെ തന്നെ കൃഷി ശീലമാക്കുന്ന ഒരു സംസ്കാരം രാഷ്ട്രീയ കക്ഷികളുടെയും സമുദായ സംഘടനകളുടെയും മറ്റ് സാംസ്കാരിക സാമൂഹ്യ സംഘടനകളുടെയും സഹകരണത്തോടെ വളർത്തിയെടുക്കേണ്ടതും അനിവാര്യമാണ്. അടുത്തിടെ വലിയ ലോക ബാങ്ക് സഹായത്തിന് അർഹത നേടിയ കൃഷിവകുപ്പും പുതിയ കാലത്തിന്റെ സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ഹൈടെക് കൃഷി വികസിപ്പിക്കുന്നതിൽ നിർണായ പങ്ക് വഹിക്കുമെന്നും പ്രതീക്ഷിക്കാം. വിഷമില്ലാത്ത അന്നം നമ്മുടെ അവകാശങ്ങളിൽ ഒന്നായി മാറണം.

കേരളത്തിൽ ഏറ്റവുമധികം ഗൃഹോപകരണങ്ങളും മറ്റും വിറ്റുപോകുന്ന ബംബർ കച്ചവടത്തിന്റെ ദിവസങ്ങൾ കൂടിയാണ് ഓണദിനങ്ങൾ. വിപുലമായ വിലക്കിഴിവാണ് വ്യാപാരികൾ വാഗ്ദാനം ചെയ്യുന്നത്. വസ്‌ത്ര വിപണിയിലെ ഒരുവർഷത്തെ മൊത്ത വിൽപ്പനയുടെ നാൽപ്പത് ശതമാനവും ഓണക്കാലത്താണ്. വിവാഹങ്ങളുടെ സീസൺ കൂടി ആയതിനാൽ സ്വർണക്കടകളിലും എന്തിന് വാഹന വിൽപ്പനശാലകളിലും വരെ മികച്ച വിൽപ്പനയാണ്. പഴം, പച്ചക്കറി, പൂക്കൾ, പലവ്യഞ്ജനം, മധുരപലഹാരങ്ങൾ തുടങ്ങിയവയുടെ ഒക്കെ വിൽപ്പന കുതിച്ചുയരുന്നത് ആ മേഖലകളുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ആയിരക്കണക്കിനാളുകൾക്ക് ആലംബമാകും. കോടികളുടെ ബിസിനസ് നടക്കുന്ന ഒരു സീസൺ കൂടിയാണെന്നത് കണക്കിലെടുത്ത് കൂടിയാണ് ഓണാഘോഷം പരിമിതമായ രീതിയിലാണെങ്കിൽ കൂടിയും നടത്താൻ സർക്കാരും തീരുമാനിച്ചത്.

പലവ്യഞ്ജനങ്ങളുടെയും പച്ചക്കറികളുടെയും വില ക്രമാതീതമായി കൂടുന്നതിൽ നിന്ന് തടയാനും ന്യായമായ വിലയ്ക്ക് അവശ്യവസ്തുക്കൾ ലഭ്യമാക്കാനും സംസ്ഥാന സിവിൽ സപ്ളൈസ് വകുപ്പിന്റെ ഭാഗത്തുനിന്ന് ഇത്തവണ കൃത്യമായ ഇടപെടലുകൾ ഉണ്ടായി എന്നത് അഭിനന്ദനീയമാണ്.

ഓണക്കാലത്ത് കുടുംബത്തോടൊപ്പം ഊണ് കഴിക്കാനാവാതെ ഡ്യൂട്ടിയിൽ തുടരേണ്ടിവരുന്ന സർക്കാർ മേഖലയിലെ നിരവധി ജീവനക്കാരുണ്ട്. പൊലീസുകാരും ട്രാൻസ്‌പോർട്ട്, കെ.എസ്.ഇ.ബി, വാട്ടർ വർക്‌സ്, അഗ്നിശമന സേന, ആശുപത്രി തുടങ്ങി നിരവധി അവശ്യ മേഖലയിലെ ഒട്ടനവധി ജീവനക്കാർക്ക് മറ്റുള്ളവരെ പോലെ ഓണം കൊള്ളാൻ കഴിഞ്ഞെന്ന് വരില്ല. അവരെയും നന്ദിപൂർവം ഓർമ്മിക്കേണ്ട അവസരമാണിത്. അന്യസംസ്ഥാന തൊഴിലാളികളും ഓണാഘോഷത്തിൽ നമ്മളെക്കാൾ പിന്നിലല്ല.

മലയാളികളുടെ സ്നേഹവും ആർദ്ര‌‌തയും നന്മയുമെല്ലാം ഓരോ ഓണത്തിനു ശേഷവും കുറയുന്നില്ല എന്ന് വേണം അനുമാനിക്കാൻ. കാരണം പ്രളയമായാലും ഉരുൾപൊട്ടലായാലും വലിയൊരു ദുരന്തമുണ്ടാകുമ്പോൾ അവരുടെ കണ്ണീരൊപ്പാൻ മലയാളി എല്ലാ മതഭേദങ്ങളും മറന്ന് മനുഷ്യനായി മാറാറുള്ളത് കൺമുന്നിൽ കാണുന്ന ദൃഷ്ടാന്തം തന്നെയാണ്.

എല്ലാ മലയാളികൾക്കും പ്രത്യേകിച്ച് ഞങ്ങളുടെ എല്ലാ മാന്യവരിക്കാർക്കും കേരളകൗമുദി കുടുംബത്തിന്റെ തിരുവോണാശംസകൾ നേരുന്നു. ഓരോ ഓണവും നന്മയിലേക്കുള്ള പുതുവഴികൾ തുറക്കട്ടെ.