തിരുവനന്തപുരം : തിരുവോണത്തലേന്നായ ഇന്ന് ഒരുക്കങ്ങൾക്കുള്ള പാച്ചിലാണ്. സദ്യവിളമ്പാൻ ഇലയുൾപ്പെടെ വീട്ടിലെത്തിയെന്നുറപ്പാക്കണം. ഓണക്കോടികൾ വാങ്ങണം. ഉത്രാടപ്പാച്ചിൽ കാണാനായി മാത്രം നഗരത്തിലിറങ്ങുന്നവർ തിരക്കിന്റെ കൊഴുപ്പ് കൂട്ടുന്നു. തിരക്ക് കാണാനിറങ്ങുന്നവരുടെ തിരക്ക് രാത്രി വൈകുവോളം നീളും! ഉത്രാടദിനമായ ഇന്ന് നഗരത്തിലിറങ്ങുന്നവർ പെട്ടുപോകുമെന്നുറപ്പ്.

തുണിവാങ്ങാൻ തിരക്ക്

വസ്ത്രവ്യാപാരശാലകളിൽ ഉത്രാടത്തിനും നല്ല തിരക്കനുഭവപ്പെടും. സമ്മാനമായി വാങ്ങുന്ന ഓണക്കോടികളായിരിക്കും ഈ ദിവസം കൂടുതൽ വിറ്റുപോവുന്നത്. സാധാരണ രാത്രി എട്ടിനും എട്ടരയ്ക്കും അടയ്ക്കുന്ന വ്യാപാരശാലകളൊക്കെ ഓണക്കാലമായതിനാൽ ഒൻപതര വരെ തുറന്ന് പ്രവർത്തിക്കുന്നു. തിരക്ക് കൂടുന്നതോടെ തുണി തിരഞ്ഞെടുക്കുന്നതിനേക്കാൾ നേരം ബില്ലിംഗിനും കാത്തിരിക്കേണ്ടിവരും.

ഗതാഗതക്കുരുക്ക് മുറുകും

പൂരാടദിനമായ ഇന്നലെ നഗരം ഗതാഗതക്കുരുക്കിലമർന്നു. നഗരത്തിലെ പ്രധാനവീഥികൾക്ക് പുറമേ ചെറിയ റോഡുകളും ഇന്നലെ വാഹനങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു. പ്രധാന റോഡുകളിലെ തിരക്കിൽ നിന്നൊഴിവാകാൻ ആളുകൾ ഇടറോഡുകൾ തിരഞ്ഞെടുക്കുന്നതാണ് ഈ തിരക്കിന് കാരണം.

ഉപ്പേരി മുതൽ പായസം വരെ

ഏറ്രവും കൂടുതൽ വിറ്റുപോകുന്ന വിഭവങ്ങളാണ് ഉപ്പേരി,​ ശർക്കരവരട്ടി,​ പായസം,​ ബോളി എന്നിവ. ശർക്കരവരട്ടിയും ഉപ്പേരിയും നേരത്തെ വാങ്ങുമെങ്കിലും ബോളിക്കും പാൽപ്പായസത്തിനുമൊക്കെ തിരുവോണത്തിന് ആവശ്യക്കാരേറെയെന്ന് കച്ചവടക്കാർ പറയുന്നു. പണ്ടൊക്ക തിരുവോണത്തിനുണ്ണാൻ രണ്ടോ മൂന്നോ തരം അച്ചാറും ഇഞ്ചിക്കറിയും വീട്ടിൽത്തന്നെയുണ്ടാക്കുമായിരുന്നു. ഇപ്പോൾ ജോലിഭാരം കുറയ്ക്കാൻ ഇവയും പുറത്ത് നിന്ന് വാങ്ങുന്നു. കുടുംബശ്രീ, മറ്റ് സ്ത്രീ കൂട്ടായ്മകൾ, വീടുകൾ എന്നിവിടങ്ങളിൽ തയ്യാറാക്കുന്ന അച്ചാറുകൾക്ക് ആവശ്യക്കാരേറെയാണ്. കമ്പനി പ്രൊഡക്ടുകളേക്കാൾ രുചിയേറുന്നു എന്നതാണ് കാരണം.

ഓണം കൊഴുപ്പിച്ച്

തെരുവോരക്കച്ചവടം

കിഴക്കേക്കോട്ടയിൽ തെരുവോരക്കച്ചവടം പൊടിപൊടിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെയും ഉത്രാടദിനത്തിൽ കച്ചവടം കൂടും. ഓണം ലക്ഷ്യമിട്ടെത്തിയ ചുരിദാർ ടോപ്പുകൾ,​ സ്‌കേർട്ടുകൾ,​ പ്രിന്റഡ് ബോട്ടം,​ ലുങ്കി,​ നൈറ്രികൾ എന്നിവയെല്ലാം വലിയ തോതിൽ വിറ്റഴിക്കുന്നുണ്ട്. പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയ്ക്ക് മുന്നിലെ തെരുവ്,​ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് സമീപം, ചാല എന്നിവിടങ്ങളിലെല്ലാം തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനം വാങ്ങുന്നവരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ തിരക്ക് ഇനിയും വർദ്ധിക്കും.