കിളിമാനൂർ: ഓണത്തിനുള്ള സദ്യവട്ടങ്ങൾക്ക് ഉത്രാടപ്പാച്ചിലോടെ തുടക്കമായി. എന്തെങ്കിലും വിട്ടുപോയെങ്കിൽ ഇന്നത്തോടെ വാങ്ങണം. പഴം, പച്ചക്കറി, പലവ്യഞ്ജനങ്ങൾ, ഓണപ്പുടവ അങ്ങനെ നീളുന്നു ലിസ്റ്റുകൾ. ഗ്രാമങ്ങളിൽ ഓണച്ചന്തകൾ സജീവമായതോടെ പച്ചക്കറികളുടെ വിലക്കയറ്റത്തിനും ആശ്വാസമായി. സപ്ലൈകോ, കൺസ്യൂമർ ഫെഡ്, ഹോർട്ടികോർപ്പ് എന്നിവയ്ക്ക് പുറമേ കുടുംബശ്രീയും ഓണച്ചന്തകൾ നടത്തുന്നുണ്ട്. ഒരു അയൽക്കൂട്ടത്തിൽ നിന്ന് ഒരു ഉത്പന്നമെങ്കിലും കുടുംബശ്രീ സ്റ്റാളിൽ എത്തിക്കുന്നുണ്ട്. വനിതാ കർഷകരുടെയും സംരംഭകരുടെയും നേതൃത്വത്തിൽ ഉത്പാദിപ്പിക്കുന്ന കാർഷികോത്പന്നങ്ങളാണ് മേളയിലുള്ളത്. കുടുംബശ്രീ ബ്രാൻഡഡ് ചിപ്‌സ്, ശർക്കരവരട്ടി എന്നിവയാണ് ഇത്തവണത്തെ പ്രത്യേക വിഭവങ്ങൾ.
ആശ്വാസമായി മേളകൾ
വിവിധതരം ധാന്യപ്പൊടികൾ, ഭക്ഷ്യോത്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ, ഓണാഘോഷം വർണാഭമാക്കാൻ വനിതാ കർഷകർ ഉത്പാദിപ്പിച്ച പൂക്കളും ലഭ്യമാണ്. സൗജന്യ ഓണക്കിറ്റും കൂടിയായതോടെ ഓണം പൊടിപൊടിക്കാൻ തന്നെയാണ് തീരുമാനം. ഹോർട്ടികോർപ്പ് ഉള്ളത് പച്ചക്കറി വിലയ്ക്ക് ആശ്വാസമാകുന്നു.
പൊള്ളും വെളുത്തുള്ളി
വെളുത്തുള്ളിയാണ് ഏറ്റവും വിലക്കയറ്റം നേരിട്ട ഇനം. ഒപ്പം പച്ചമുളകും ക്യാരറ്റും പതിവിനെക്കാൾ ഉയർന്ന വിലയിലാണ്. ഇഞ്ചി, ഏത്തയ്ക്ക, സവാള എന്നിവയ്ക്ക് പൊതുവിപണിയെക്കാൾ വിലയുണ്ട് ഹോർട്ടികോർപ്പിൽ.
**പച്ചക്കറിവില ഹോർട്ടികോപ്പിൽ
പച്ചമുളക് : 70
ക്യാരറ്റ് : 98
ഇഞ്ചി : 100
കിഴങ്ങ് : 60
ഉള്ളി : 44
സവാള : 60
പടവലങ്ങ : -42
മുരിങ്ങയ്ക്ക : 60
വെള്ളരി : 25
പയർ : 36
ഏത്തൻ : 50
ഓണച്ചന്തകൾ ഉള്ളതുകൊണ്ട് വലിയ സാമ്പത്തിക നഷ്ടമില്ലാതെ സാധനങ്ങൾ ലഭിക്കുന്നുണ്ട്. കിഴങ്ങു വർഗങ്ങൾക്കെല്ലാം വില ഉയർന്നത് സാധാരണക്കാർക്ക് തിരിച്ചടിയായി. 100 രൂപ നിരക്കിലാണ് ഇന്നലെ ചേനയ്ക്ക് ഈടാക്കിയത്.
.മരച്ചീനി: 60
ചേന : 100
ചേമ്പ് :100
കൂർക്ക :110
കാച്ചിൽ:80
ഇഞ്ചി:180