vallakkadav-palam

വർക്കല: വർക്കല നഗരസഭയിലെ 20, 21 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ചിലക്കൂർ വള്ളക്കടവ് പാലം ഏത് നിമിഷവും തകർന്ന് വീഴാവുന്ന അവസ്ഥയിൽ. ദേശീയ ജലപാത നവീകരണത്തിന്റെ ഭാഗമായി ടി.എസ് കനാലിൽ നടക്കുന്ന ഡ്രഡ്‌ജിംഗ് കാരണമാണ് പാലം വലിയ തകർച്ച നേരിടുന്നതെന്നാണ് പരാതി. വള്ളക്കടവിൽ നിന്നുള്ള ഭാഗത്ത് പാലത്തിന്റെ മദ്ധ്യഭാഗം അടർന്നുവീണ് വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. പാലത്തിനോടുചേർന്നാണ് ഇപ്പോൾ കനാലിൽ ഡ്രഡ്‌ജിംഗ് നടക്കുന്നത്. തെങ്ങിൻകുറ്റികൾ അടിച്ചു താഴ്ത്തിയ ശേഷമാണ് മണ്ണെടുക്കുന്നത്. ഇതിനുശേഷമാണ് പാലത്തിന്റെ ഭാഗം അടർന്ന് വീണിട്ടുള്ളത്. കുഴിയുള്ള ഭാഗത്ത് തടിക്കഷ്ണങ്ങൾ വച്ചാണ് യാത്രികർക്ക് അപകടസൂചന നൽകിയിട്ടുള്ളത്.