photo

പാലോട്: മെഴുകുതിരി വെട്ടത്തിൽ മൂന്ന് സെന്റിലെ ടാർപോളിൻ കൊണ്ട് മറച്ച വീട്ടിലെ ദുരിതജീവിതം കേട്ടറിഞ്ഞ് പാലോട് കെ.എസ്.ഇ.ബി ജീവനക്കാരെത്തി. പാങ്ങോട് പഞ്ചായത്തിലെ കാക്കാണിക്കര തോട്ടിൻകര പുതുവൽ പുത്തൻവീട്ടിലെ സുരേഷ്, അശ്വതി, മക്കളായ അരവിന്ദ്, അജീഷ്, ആനന്ദ് എന്നിവർക്കാണ് കെ.എസ്.ഇ.ബി ജീവനക്കാരുടെ കാരുണ്യത്താൽ വൈദ്യുതി ലഭിച്ചത്. സർക്കാർ നടത്തിയ പട്ടയമേളയിൽ 2018ലാണ് ഇവർക്ക് മൂന്നര സെന്റ് വസ്തു ലഭിച്ചത്. പൂർത്തിയാകാത്ത താബൂക്ക് ഉപയോഗിച്ച് കെട്ടിയ ചുമർ കാണിച്ച് വീട് നമ്പരിനായി അപേക്ഷ നൽകിയെങ്കിലും പഞ്ചായത്ത് കനിഞ്ഞില്ല. കഴിഞ്ഞ ദിവസം വരെയും മെഴുകുതിരി വെട്ടത്തിലായിരുന്നു ഇവരുടെ രാത്രികൾ. ഇവരുടെ ദുരവസ്ഥ കേട്ടറിഞ്ഞ പാലോട് ഇലക്ട്രിക്കൽ മേജർ സെക്ഷൻ ജീവനക്കാർ എ.ഇ. വിനോദിന്റെ നേതൃത്വത്തിൽ വയറിംഗ് ഉൾപ്പെടെ സൗജന്യമായി ചെയ്ത് വീട് വൈദ്യുതീകരിച്ച് കഴിഞ്ഞ ദിവസം കറണ്ടും ലഭ്യമാക്കി.

സുരേഷിന്റെയും കുടുബത്തിന്റെയും വീട്ടിലേക്കുള്ള വൈദ്യുതി സൗജന്യമാക്കി നൽകുമെന്നും എ.ഇ അറിയിച്ചു. കേൾവി ശക്തിയില്ലാത്ത സുരേഷ് മറ്റൊരാളിന്റെ കടയിൽ പൂ കെട്ടിയാണ് ജീവിക്കുന്നത്. മറ്റു വരുമാനങ്ങളൊന്നും ഇവർക്കില്ല. കുടുംബത്തിനാവശ്യമായ ഭക്ഷ്യക്കിറ്റും ഓണസമ്മാനമായി നൽകിയാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. സബ്ബ് എൻജിനിയർമാരായ വീണ, അജയൻ, ഓവർസിയർ വിജയനാഥ്, അരുൺകുമാർ, രാജേഷ്, സുരേഷ് എന്നിവരും പങ്കെടുത്തു.