തിരുവനന്തപുരം: ഏറെക്കാലമായി നഗരത്തെ വലച്ച കുടിവെള്ള പ്രശ്നത്തിന്റെ ബാക്കിയുള്ള പണികൾ ഇനി ഓണാവധിക്ക് ശേഷം തുടരുമെന്ന് വാട്ടർ അതോറിട്ടി അധികൃതർ. കുടിവെള്ള വിതരണം മുടങ്ങാത്ത വിധത്തിൽ താത്കാലിക പരിഹാരമുണ്ടാക്കിയിട്ടുണ്ട്. നഗരത്തിലെ ഉയർന്ന പ്രദേശങ്ങളിൽ നഗരസഭയുമായി ചേർന്ന് ടാങ്കറിലൂടെയുള്ള ജലവിതരണം ഇപ്പോഴും തുടരുകയാണ്. നാഗർകോവിലിലേക്കുള്ള റെയിൽവേ പാതയിരട്ടിപ്പിക്കൽ പ്രവർത്തനത്തിലെ പൈപ്പ്ലൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ ഏറക്കുറെ പരിഹരിച്ചു കഴിഞ്ഞു. ഏഴ് ദിവസം പിന്നിട്ടിട്ടും വെള്ളമെത്താത്ത സ്ഥലങ്ങളിലെ എയർ ബ്ലോക്കും ചോർച്ചയും കണ്ടെത്തി തടസം നീക്കിയിട്ടുണ്ട്. സ്മാർട്ട് സിറ്റി വികസനവുമായി ബന്ധപ്പെട്ട് വെള്ളയമ്പലം മാനവീയം വീഥിയിലും വഴുതക്കാട് സിഗ്നൽ ജംഗ്ഷനിലും ആകാശവാണിക്ക് മുമ്പിലുമുള്ള ഇന്റർക്കണക്ഷൻ ജോലികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. മാനവീയം വീഥിയിലെ പണികൾ വ്യാഴാഴ്ച പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നതിന്റെ അടിസ്ഥാനത്തിൽ പണി മാറ്റിവയ്ക്കുകയായിരുന്നു.

ഇത് ഓണാവധിക്ക് ശേഷം വേഗത്തിൽ പൂർത്തിയാക്കാനാകുമെന്ന് അധികൃതർ പറഞ്ഞു. ശിശുവിഹാർ അടക്കമുള്ള ഉയർന്ന ഭാഗങ്ങളിൽ വെള്ളത്തിന് മർദ്ദമില്ലെന്ന പരാതി പരിഹരിക്കുന്നതിനായി ഉദാരശിരോമണി റോഡിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച ബൂസ്റ്റർ സിസ്റ്റം ഫലം കാണുന്നുണ്ടെന്നും ഇത് പൂർണതോതിൽ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും വാട്ടർ അതോറിട്ടി അധികൃതർ വ്യക്തമാക്കി. ശ്രീകാര്യം ഭാഗത്തെ ജലവിതരണത്തിന് മർദ്ദമില്ലെന്ന പരാതിയും ഉടൻ പരിഹരിക്കുമെന്നും നഗരത്തിൽ അവിടവിടെയായി കണ്ടെത്തിയ ചെറിയ ചോർച്ച പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.