മുടപുരം: ചിറയിൻകീഴിൽ നിന്നും പെരുമാതുറ വഴിയുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസ് നിറുത്തലാക്കിയതോടെ ഇതുവഴി യാത്രാക്ലേശം വർദ്ധിക്കുന്നതായി പരാതി. ഏറെനാളായി ബസ് സർവീസ് നിറുത്തലാക്കിയതോടെ യാത്രക്കാർ ഗണപതിയാം കോവിൽ ജംഗ്ഷനിൽ നിന്ന് സ്വന്തം വീടുകളിൽ എത്താൻ ഓട്ടോയെ ആശ്രയിക്കണം. അല്ലെങ്കിൽ നടക്കണം. ആകെ ആശ്രയമായ ഓട്ടോറിക്ഷകൾ അമിത ചാർജ് ഈടാക്കുന്നതായും പരാതിയുണ്ട്. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ സാധാരണക്കാർ താമസിക്കുന്ന ഇവിടേക്ക് സ്ഥിരം ഓട്ടോറിക്ഷയെ ആശ്രയിക്കാനും കഴിയാത്ത അവസ്ഥയാണ്. അതിനാൽ നിറുത്തലാക്കിയ ബസ് സർവീസ് പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 സർവീസ് വേണം

2003ലാണ് ചിറയിൻകീഴ് നിന്ന് അഴൂർ കടവിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചത്. 2009ൽ അഴൂർ കടവ്പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തതോടെ സർവീസ് പെരുമാതുറ വരെ നീട്ടുകയും ചെയ്തു. പിന്നീട് ആറ്റിങ്ങൽ നിന്ന് ചിറയിൻകീഴ്, പെരുമാതുറ, തുമ്പ, വേളി വഴി തിരുവനന്തപുരത്തേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് തുടങ്ങി. പെരുമാതുറ പാലം പൂർത്തിയായതോടെ ഈ സർവീസുകൾ സഞ്ചാരികൾക്കും സഹായകമായി. എന്നാൽ കഴിഞ്ഞ ഒരുവർഷമായി സർവീസ് നിലച്ചതോടെ സഞ്ചാരികൾ വരാതെയായി. നാട്ടുകാർക്ക് യാത്രാദുരിതവും ഏറി.

 നിരങ്ങിനീങ്ങി

ചിറയിൻകീഴ് നിന്ന് അഴൂർകടവ്, പെരുമാതുറ, താഴംപള്ളി, കടയ്ക്കാവൂർ വഴി ചിറയിൻകീഴ് ചെയിൻ സർവീസ് നടത്താം. ഒപ്പം തുമ്പ, വേളി വഴി തമ്പാനൂരിലേക്കും കിഴക്കേകോട്ടയിലേക്കും സർവീസ് ആരംഭിക്കാം. ചിറയിൻകീഴ് നിന്ന് കണിയാപുരം, കഴക്കൂട്ടം വഴി തിരുവനന്തപുരത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ഒട്ടേറെ ട്രാഫിക്ക് ബ്ലോക്കുകളും നാഷണൽ ഹൈവേയുടെ നിർമാണവും നിമിത്തം തിരുവനന്തപുരത്ത് എത്തിച്ചേരാൻ ഏറെ സമയമെടുക്കും.
------------------------------------
നാട്ടുകാരുടെ യാത്രാക്ലേശം പരിഹരിക്കാൻ ഉടൻതന്നെ പെരുമാതുറ വഴിയുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിക്കണം ---സി. സുര, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ,അഴൂർ ഗ്രാമ പഞ്ചായത്ത്.