
തിരുവനന്തപുരം: നവരാത്രി ഘോഷയാത്ര കാണാൻ ഊണും ഉറക്കവും ഉപേക്ഷിച്ച് പോകുമായിരുന്ന ഹരിയുടെ ജീവിതം തളർത്തിയത് പതിനൊന്നാം വയസിൽ വന്ന പിള്ളവാതമാണ്.വെള്ളിക്കുതിരയെയും സുബ്രഹ്മണ്യസ്വാമിയെയും കാണാനാവാതെ മാസങ്ങൾ ആശുപത്രിക്കിടക്കയിൽ. വീട്ടിലെ ശകാരം വകവയ്ക്കാതെ വേദന സഹിച്ച് പാളയിൽ നിരങ്ങിപ്പോയി ഘോഷയാത്ര കണ്ടു. അന്ന് ഹരി മനസിൽ നേർന്നു. അസുഖം കുറഞ്ഞാൽ എല്ലാവർഷവും ഘോഷയാത്രയുടെ ഭാഗമാകും. സരസ്വതി ദേവിയെ കാണും. താൻ പാതി ദൈവം പാതി എന്ന് പറയും പോലെ ശരിയായ ചികിത്സകൾ പിന്തുടർന്നപ്പോൾ ഒരുവർഷത്തിനുള്ളിൽ അസുഖം ഭേദമായി. ഇപ്പോൾ ഹരിക്ക് വയസ് 68. ശുചീന്ദ്രത്ത് നിന്ന് മുന്നൂറ്റിനങ്ക യാത്ര തിരിക്കുന്നത് മുതൽ ചടങ്ങുകൾ അവസാനിക്കുന്നത് വരെ ഹരി ഘോഷയാത്രയുടെ ഭാഗമായിട്ട് അരനൂറ്റാണ്ടിലേറെയായി.
ഒരൊറ്റത്തവണ പോലും പതിവ് മുടങ്ങിയിട്ടില്ല. പദ്മനാഭപുരം കൊട്ടാരത്തിലും സരസ്വതി മണ്ഡപത്തിലും ഒപ്പം പോകും. സുബ്രഹ്മണ്യനെയും വെള്ളിക്കുതിരയെയും കാണാൻ തേവാരക്കെട്ടിൽ പോകും. നവരാത്രി സേവാസമതിയുടെയും ഭാരവാഹിയാണ്.സമിതിയുടെ ഭാഗമായി നവരാത്രി വേളയിൽ ഭക്ഷണവും കുടിവെള്ളവും നൽകാൻ ഓടിനടക്കും. ഒരുവട്ടം ഉടവാൾ എടുക്കാനായത് ഭാഗ്യമായി ഹരി കണക്കാക്കുന്നു.ഫെഡറൽ ബാങ്കിലും വിപ്രോയിലും ആർക്കിയോളജി വിഭാഗത്തിലും ജോലി ചെയ്ത കാലങ്ങളിലും പതിവ് തെറ്റിയില്ല. നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തായിരുന്നു കുട്ടിക്കാലത്ത് താമസം. അന്ന് കുടുംബത്തിന് സാമ്പത്തികബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ നെയ്യാറ്റിൻകരയുടെയും കാട്ടാക്കടയുടെയും താലൂക്ക് ഓഫീസ് സെക്രട്ടറിയാണ്. തച്ചോട്ടുകാവിലാണ് താമസം.ഭാര്യ: ശോഭന.മക്കൾ: ഐശ്വര്യ, ആതിര. സേവാസമിതിയുടെ ഭാഗമായി ചടങ്ങുകളുടെ നടത്തിപ്പിനായി ചർച്ചകളിൽ പങ്കെടുക്കുന്ന തിരക്കിലാണ് ഹരി.