vellayani-road

നേമം: കുളമായി കിടക്കുന്ന റോഡ്. അതാണ് വെള്ളായണി-ശിവോദയം-കിരീടം പാലം റോഡ്. വെള്ളായണി ദേവീ ക്ഷേത്രത്തിനു മുന്നിൽ നിന്ന് കിരീടം പാലം വരെ ഒരു കിലോമീറ്റർ ദൂരം വരുന്ന ഈ റോഡിലെ കുഴികൾക്ക് കാലങ്ങളുടെ പഴക്കമുണ്ട്. കല്ലിയൂർ പഞ്ചായത്തിലെ വെള്ളായണി വാർഡിലാണ് ഈ തകർന്ന് കിടക്കുന്ന റോഡ് സ്ഥിതി ചെയ്യുന്നത്. ഒരു കിലോമീറ്റർ ദൂരത്തെ റോഡുപണിക്ക് കോവളം എം.എൽ.എ വിൻസെന്റിന്റെ ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ അനുവദിച്ചിട്ട് ഒന്നരക്കൊല്ലം കഴിഞ്ഞു. നിലവിൽ ഈ റോഡ് പൂർണമായും തകർന്ന് യാത്രചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്. മഴയായാൽ വലിയ കുഴി രൂപപ്പെട്ട് കുളമാണിവിടം. കാൽനടയാത്രക്കാർക്ക് ഓരം ചേർന്നുപോലും നടക്കാനാവാത്ത സ്ഥിതിയായിട്ടുണ്ട്. ഇരുചക്രവാഹനക്കാർ പലപ്പോഴും രാത്രി കാലങ്ങളിൽ കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നു. 2016ൽ ലതാകുമാരി ജില്ലാ പഞ്ചായത്തംഗവും മനോജ്കുമാ‌ർ വാർഡംഗവുമായിരിക്കുമ്പോഴാണ് ഈ റോഡ് ടാർ ചെയ്യുന്നത്. ശേഷം നാളിതുവരെ യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല. വെള്ളായണി കായലിനോട് ചുറ്റപ്പെട്ട് നേമം, കരുമം, കൈമനം, കല്ലിയൂർ ദിക്കുകൾ ചേരുന്ന നാലുഭാഗത്തു നിന്നും ജനമെത്തുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷന് വേണ്ടി തയ്യാറെടുക്കുന്ന കിരീടം പാലം സ്ഥിതിചെയ്യുന്ന റോഡിനാണ് ഈ ദു‌ഃസ്ഥിതി. റോഡുപണി എത്രയും വേഗം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 എങ്ങുമെത്താത്ത പണി

റോഡുപണി പൂർത്തിയാക്കാൻ ഒരു കോടി രൂപയെങ്കിലും ആവശ്യമാണ്. 450 മീറ്റർ ദൂരത്തിലെ റോഡു പണിയെങ്കിലും പൂർത്തിയാക്കാൻ തീരുമാനിച്ചെങ്കിലും അതും നടപ്പായില്ല. ജനരോഷത്തെ തുടർന്ന് ആറു മാസം മുമ്പ് റോഡ് പണി തുടങ്ങുമെന്നറിയിച്ച് പാർട്ടിക്കാർ ഫ്ലക്സ് വച്ചെങ്കിലും പതിയെ അതും അപ്രത്യക്ഷമായി. റോഡിന് വാർഡ് മെമ്പർ ആതിരയുടെ തനത് ഫണ്ടിൽ നിന്ന് 10ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ കോൺട്രാക്ടർ ഫണ്ട് തികയാത്തതിനാൽ അതും അനിശ്ചിതാവസ്ഥയിൽ തുടരുകയാണ്. ഇതിനോടടുത്ത ശിവോദയം - മണക്കുന്ന് - മാങ്കിളിക്കരി റോഡിന്റെയും തെന്നൂർ - ചാപ്ര - കുരുമി റോഡിന്റെയും അവസ്ഥ ഇതുതന്നെയാണ്.