തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരികമുഖം ഇത്രയേറെ വികൃതമായ ഒരു കാലഘട്ടം ഉണ്ടായിട്ടില്ലെന്ന് മുൻ എം.പി കെ.മുരളീധരൻ പറഞ്ഞു.കെ.പി.സി.സിയുടെ കലാസാംസ്കാരിക വിഭാഗമായ സംസ്കാരസാഹിതിയുടെ ഓണക്കോടി സൂര്യാ കൃഷ്ണമൂർത്തിക്ക് നൽകുന്ന ചടങ്ങ് തൈക്കാട് ഗണേശത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്കാരസാഹിതി മുൻ സംസ്ഥാന ചെയർമാനും ഡി.സി.സി പ്രസിഡന്റുമായ പാലോടു രവി അദ്ധ്യക്ഷത വഹിച്ചു. ഓണക്കോടിയും പൊന്നാടയും പ്രശസ്തിപത്രവും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സൂര്യാകൃഷ്ണമൂർത്തിക്ക് സമർപ്പിച്ചു.കലയല്ല കച്ചവടമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും കലാപരിപാടികൾ അവതരിപ്പിക്കാൻ കഴിയുന്ന തലസ്ഥാനത്തെ പലയിടങ്ങളും കച്ചവടക്കാർക്ക് വിട്ടുകൊടുത്ത് സർക്കാർ ലാഭം നോക്കി കൈയും കെട്ടിയിരിക്കുകയാണെന്നും അടൂർ അഭിപ്രായപ്പെട്ടു. അയ്യങ്കാളി ഹാൾ പോലെയുള്ള സ്ഥലങ്ങൾ ദേശീയോത്സവ വേളകളിലെങ്കിലും കച്ചവടത്തിന് വിട്ടുകൊടുക്കാതെ കലാ-സാംസ്കാരിക വേദികളാക്കി മാറ്റണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.പ്രൊഫ.ഓമനക്കുട്ടി,ഡോ.എം.ആർ.തമ്പാൻ, പ്രൊഫ.കാട്ടൂർ നാരായണപിള്ള,പന്തളം ബാലൻ,മീനമ്പലം സന്തോഷ്,വി.ആർ.പ്രതാപൻ,അനിൽ നെടുങ്ങോട്, ചെമ്പഴന്തി അനിൽ,വിനോദ് സെൻ രാജേഷ് മണ്ണാമൂല,കെ.എം.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.