തിരുവനന്തപുരം: അഞ്ച് ദിവസത്തോളം തലസ്ഥാന നഗരവാസികളുടെ വെള്ളംകുടി മുട്ടിച്ച സംഭവത്തിൽ വാട്ടർ അതോറിട്ടിയുടെ അന്വേഷണ റിപ്പോർട്ട് അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക് കൈമാറി. ടെക്‌നിക്കൽ മെമ്പർ എസ്.സേതുകുമാർ തയ്യാറാക്കിയ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ജോയിന്റ് എം.ഡി ബിനു ഫ്രാൻസിസിന്റെ കുറിപ്പോടെയാണ് അഡിഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയത്. സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥരുടേത് അടക്കമുള്ളവരുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും ആർക്കെതിരെയും നടപടിക്ക് ശുപാർശയില്ല.

ഈ സാഹചര്യത്തിൽ തുടർനടപടികൾ വേണമോയെന്ന് സർക്കാരാണ് തീരുമാനിക്കേണ്ടത്. ഓണാവധിക്ക് ശേഷമേ റിപ്പോർട്ട് പരിശോധിക്കൂ. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെന്നും അന്വേഷണറിപ്പോർട്ട് പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും വ്യാഴാഴ്ച ചേർന്ന ഉന്നതതല യോഗത്തിനു ശേഷം മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കിയിരുന്നു. റെയിൽവേ ലൈനിനടിയിലൂടെയുള്ള പൈപ്പ്ലൈൻ അലൈൻമെന്റ് മാറ്റുന്ന പണിയുമായി ബന്ധപ്പെട്ട ആസൂത്രണത്തിലും നടപടിക്രമങ്ങളിലും വീഴ്‌ചയുണ്ടായെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്.

നഗരസഭയിലെ 44 വാർ‌ഡുകളിലുള്ള അഞ്ചുലക്ഷത്തോളം ആളുകളെ ബാധിക്കുന്ന വിഷയമായിട്ടും ലാഘവത്തോടെയാണ് കൈകാര്യം ചെയ്‌തത്. പണി ചെയ്യുന്നതിന് അനുമതി നൽകിയ ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പ് യോഗം ചേർന്നിരുന്നെങ്കിലും തിടുക്കപ്പെട്ട് തീരുമാനമെടുത്തു. അലൈൻമെന്റ് മാറ്റുന്ന പണി നീണ്ടുപോയപ്പോഴും കൃത്യമായ ഇടപെടലുണ്ടായില്ല. അടുത്തിടെ സ്ഥലം മാറിവന്നതും പരിചയക്കുറവുള്ളവരുമായ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് ജോലികൾ നടന്നത്. സാങ്കേതിക വിദഗ്ദ്ധരുടെ സഹായവും തേടിയില്ല. വാൽവുകൾ എവിടെയാണെന്നുപോലും പല ഉദ്യോഗസ്ഥർക്കും വ്യക്തതയില്ല. എന്നിരുന്നാലും ഉദ്യോഗസ്ഥർ മനഃപൂർവം വീഴ്ചവരുത്തിയതല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.