
നെയ്യാറ്റിൻകര: അതിയന്നൂർ കോട്ടുകാൽ പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി സ്ഥാപിച്ച അതിയന്നൂർ സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമ്മാണം പൂർത്തിയായി. കെ. ആൻസലൻ എം.എൽ.എയുടെ ശ്രമഫലമായി കിഫ്ബി ഫണ്ടിൽ നിന്ന് 26 കോടി രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്. നെയ്യാറിലെ പിരായുംമൂട് പാലത്തിനു സമീപത്തു നിന്ന് വെള്ളം ശേഖരിച്ച് അതിയന്നൂർ പഞ്ചായത്തിലെ പോങ്ങിൽ ഹോമിയോ ആശുപത്രിക്ക് സമീപം നിർമ്മിച്ച ജല ശുദ്ധീകരണ ശാലയിലെത്തിച്ച് അതിയന്നൂർ, കോട്ടുകാൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നതാണ് പദ്ധതി. പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെയും 15 എം.എൽ.ഡി ജല ശുദ്ധീകരണ ശാലയുടെയും തറക്കല്ലിടൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചിരുന്നു. സമ്പൂർണമായ ജലവിതരണം ഉടൻ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. അതിയന്നൂർ, കോട്ടുകാൽ പഞ്ചായത്തിലെ ജലക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി അതിയന്നൂർ പഞ്ചായത്തിലെ 17 വാർഡുകളിലും ശുദ്ധജലം എത്തിക്കുന്നതിന് ഈ പദ്ധതിക്ക് കഴിയും.
ഏറെ പ്രയോജനം
പോങ്ങിൽ, നെല്ലിമൂട്, ഭാസ്കർനഗർ, കണ്ണറവിള, അരങ്ങിൽ, വെൺപകൽ, കൊടങ്ങാവിള, അരങ്ങമുകൾ, പ്രദേശങ്ങളിൽ വെള്ളം എത്തിക്കാൻ കഴിയും. കോട്ടുകാൽ പഞ്ചായത്തിലെ നെല്ലിമൂട് കൊല്ലകോണം, പുത്തളം, വാലൻവിള, അതിയന്നൂർ പഞ്ചായത്ത്, കോട്ടുകാൽ പഞ്ചായത്ത് എന്നിവിടങ്ങളിലും ഈ പദ്ധതി പ്രകാരം ജലമെത്തും.
നിലവിൽ
ഉയർന്ന പ്രദേശമായ പോങ്ങിൽ 15 എം.എൽ.ഡി ശേഷിയുള്ള ശുദ്ധീകരണശാല സ്ഥാപിച്ചു.
6 ലക്ഷം ലിറ്റർ ജലസംഭരണ ശേഷിയുള്ള ടാങ്കിന്റെയും ജനറേറ്റർ റൂമിന്റെയും നിർമ്മാണം പൂർത്തിയായി
തൊങ്ങൽ എൽ.പി.എസ് സ്കൂളിൽ ഒരു ടാങ്കിന്റെ പണി പുരോഗമിക്കുകയാണ്
കുടിവെള്ളം ഉടൻ
അതിയന്നൂർ പഞ്ചായത്തിൽ പറച്ചേ കുളത്തിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളമാണ് ഭാസ്കർനഗർ, വെൺപകൽ, മരുതംകോട് പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ഇപ്പോൾ ഉപയോഗിക്കുന്നത്. ആ പ്രദേശങ്ങളിലെല്ലാം ഈ പദ്ധതി നടപ്പിലായാൽ ശുദ്ധജലം കിട്ടും. അരങ്ങമുകൾ വാട്ടർ സപ്ലൈ നിലവിലുള്ള ടാങ്കിൽ ഇപ്പോൾ പമ്പിംഗ് നടക്കുന്നില്ല. ആ പൈപ്പ് ലൈനുമായി ഈ കുടിവെള്ള പദ്ധതി ബന്ധിപ്പിക്കാനാണ് തീരുമാനം.