
പള്ളിക്കൽ: പള്ളിക്കലിലെ പച്ചക്കറി മേളകളിൽ നിറസാന്നിദ്ധ്യമാണ് റീജ. പയർ, മത്തൻ, വെള്ളരി, വെണ്ട ചീര, പാവയ്ക്ക തുടങ്ങി ഒരടുക്കളയിലേക്ക് വേണ്ട നിത്യോപയോഗ പച്ചക്കറികളെല്ലാം റീജയുടെ 50 സെറ്റ് തോട്ടത്തിലുണ്ട്. നാല്കൊല്ലംമുമ്പ് മൃഗാശുപത്രിവഴി ലഭിച്ച അമ്പതോളം കോഴിക്കുഞ്ഞുങ്ങളുമായാണ് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ റീജയുടെ തുടക്കം. ഇന്ന് ഫാമിൽ ആയിരത്തിൽപരം കോഴികളുണ്ട്. ഇവിടെനിന്നാണ് പള്ളിക്കൽ, നാവായിക്കുളം പഞ്ചായത്തുകളിലെ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും മുട്ടവിതരണം ചെയ്യുന്നത്. ഒപ്പം കോഴിമാലിന്യം പച്ചക്കറികൾക്ക് വളമാക്കി മാറ്റിയതോടെ പച്ചക്കറിയും നല്ലവിളവ് ലഭിക്കും. കാട്ടുപന്നികൾ ആക്രമിക്കാത്ത പച്ചക്കറികളായതിനാൽ അവയുടെ ശല്യവും റീജയുടെ കൃഷിയെ ബാധിച്ചിട്ടില്ല. കോഴിവളർത്തലിന് 2022ൽ മികച്ച സംരഭകയ്ക്കുള്ള അവാർഡ് റീജയെ തേടിയെത്തി. ഇപ്പോൾ പള്ളിക്കൽ പ്രദേശത്തെ വിദ്യാർത്ഥികൾ കൂട്ടമായി തോട്ടം സന്ദർശിക്കാനും എത്തുന്നുണ്ട്.