തിരുവനന്തപുരം: തിരുവോണത്തിന് ഓണസദ്യയും കഴിഞ്ഞ് നഗരത്തിലേക്കിറങ്ങിയാൽ ഓണം കളറാക്കാൻ നിരവധി സംഘടനകളും സ്ഥാപനങ്ങളും റെഡിയാണ്. സംസ്ഥാന സർക്കാരിന്റെ ഓണാഘോഷങ്ങൾ ഇല്ലെങ്കിലും കനകക്കുന്ന്, ആനയറ വേൾഡ് മാർക്കറ്റ് ഗ്രൗണ്ട്, പുത്തരിക്കണ്ടം എന്നിവിടങ്ങളിലും ഓണാഘോഷ പരിപാടികൾ നടക്കുന്നുണ്ട്.

സ്വകാര്യ ചാനലും മൈത്രി അഡ്വർടൈസിംഗ് ഏജൻസിയും ചേർന്നാണ് കനകക്കുന്നിൽ ഓണക്കൂട്ടായ്‌മ ഒരുക്കിയിരിക്കുന്നത്.

ഇന്ന് രാത്രി 7.30ന് എം.ജി. ശ്രീകുമാറിന്റെ നേതൃത്വത്തിൽ ചിങ്ങനിലാവ്. 16 ന് 6.30ന് കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ നാടകം 'അച്ഛൻ'. 17ന് റാസ ബീഗം അവതരിപ്പിക്കുന്ന ഗസൽ. 18ന് രാത്രി 6.30ന് സ്റ്റാർസിംഗർ. 19ന് സ്റ്റീഫൻ ദേവസിയും മുരളീകൃഷ്ണനും അവതരിപ്പിക്കുന്ന സംഗീതനിശ. 20ന് ഗൗരിലക്ഷ്മിയുടെ ബാൻഡ്. 21ന് അരകവ്യൂഹം ബാൻഡും തുടർന്ന് ഷഹബാസ് അമന്റെ ഗസലും. 22ന് രാജേഷ് വിജയ് ആൻഡ് ബാൻഡ്.

ദിവസവും വൈകിട്ട് 4.30 മുതൽ ഒന്നിലേറെ കലാപരിപാടികൾക്ക് മിനിസ്‌റ്റേജ് വേദിയാകും. ഇന്ന് ഓട്ടൻതുള്ളൽ, ഓപ്പൺ മൈക്ക്, വെസ്‌റ്റേൺ ബീറ്റ്സ് ആഫ്രിക്കൻ ആൻഡ് ബീ ബോയിംഗ് ഡാൻസ്, ശിങ്കാരിമേളം ഫ്യൂഷൻ. ഒപ്പം പുത്തരിക്കണ്ടം മൈതാനത്ത് ജെമിനി സർക്കസും.


 ആനയറ വേൾഡ് മാർക്കറ്റിൽ 'കടലോളം ഓണം'
അണ്ടർ വാട്ടർ അക്വേറിയവും കൗതുകക്കാഴ്ചകളുമായാണ് ആനയറ വേൾഡ് മാർക്കറ്റിൽ ഓണം എക്‌സ്‌പോ നടക്കുന്നത്.
കടലിന്റെ അടിത്തട്ടിലൂടെ നടക്കുന്ന പ്രതീതി ജനിപ്പിക്കുംവിധം തലയ്‌ക്ക് മുകളിൽ വമ്പൻ മത്സ്യങ്ങൾ മുതൽ വർണ മീനുകൾ വരെ നീന്തിത്തുടിക്കുന്നത് കാണാം. അരുമപ്പക്ഷികൾ, ഓമന മൃഗങ്ങൾ, അപൂർവയിനം ജീവികൾ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തുണിത്തരങ്ങൾ, ഗൃഹോപകരണങ്ങൾ, ഫുഡ് കോർട്ട്, അമ്യൂസ്‌മെന്റ് റൈഡുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. രാവിലെ 11 മുതൽ രാത്രി 10 വരെയാണ് പ്രവേശനം. 120 രൂപയാണ് പ്രവേശന ടിക്കറ്റ്. തിരുവനന്തപുരം പ്രസ് ക്ലബും കലാ ട്രസ്റ്റും ചേർന്ന് നടത്തുന്ന ഓണം എക്സ്പോ ഒക്ടോബർ 2ന് സമാപിക്കും.