വിതുര: വിനോദസഞ്ചാരികളുടെ സ്വപ്നഭൂമിയായ പൊന്മുടിയിൽ ഇത്തവണയും ഒാണാഘോഷമില്ല. സാധാരണ ജില്ലയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒാണാഘോഷപരിപാടികൾ സംഘടിപ്പിക്കുമ്പോൾ പൊൻമുട്ടയിടുന്ന പൊൻമുടിയെ തഴയുന്ന നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ഒാണനാളുകളിൽ ആയിരങ്ങളാണ് പൊന്മുടിയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നത്. കുട്ടികളടക്കം ആയിരക്കണക്കിന് കുടുംബങ്ങളാണ് ഇവിടെയെത്തുന്നത്.കഴിഞ്ഞവർഷം ഒാണനാളുകളിൽ ഒരുലക്ഷത്തോളം പേരാണ് പൊന്മുടി സന്ദർശിച്ചത്. തിരുവോണം,അവിട്ടം,ചതയം നാളുകളിലാണ് ഏറ്റവും കൂടുതൽപേർ എത്തിയത്.
ഒാണനാളുകളിൽ പൊൻമുടിയിലേക്ക് ഒഴുകുന്ന വാഹനങ്ങളുടെ തിരക്കുമൂലം പൊൻമുടി - വിതുര റൂട്ടിൽ ഗതാഗതതടസവും നേരിടാറുണ്ട്. ഇത്രയും സഞ്ചാരികളെത്തുന്ന പൊൻമുടിയിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നാണ് പരാതി.പൊൻമുടിയിൽ സർക്കാരും, വനംവകുപ്പും ലക്ഷക്കണക്കിന് രൂപയുടെ വികസനപ്രവർത്തനങ്ങളാണ് നടത്തിയത്.പുതിയ പൊലീസ് സ്റ്റേഷൻ വരെ നിർമ്മിച്ചിട്ടുണ്ട്. പക്ഷേ പൊന്മുടിയിൽ എൽ.ഡി.എഫ് സർക്കാരും,യു.ഡി.എഫ് സർക്കാരും പ്രഖ്യാപിച്ച ഹെലിപ്പാഡും,റോപ്പ് വേയും ഇപ്പോഴും കടലാസിലുറങ്ങുകയാണ്.
സഞ്ചാരികളുടെ പ്രശ്നം
മഞ്ഞിലും മഴയിലും മുങ്ങിക്കുളിച്ചു നിൽക്കുകയാണ് പൊന്മുടി.കനത്ത മഴയാണെങ്കിലും പൊന്മുടിയിൽ സഞ്ചാരികളുടെ തിരക്കുണ്ട്.എന്നാൽ മഴയത്ത് കയറി നിൽക്കാൻ ഇടമില്ലാത്തതുമൂലം ഇവർ നനഞ്ഞുകുതിരുന്ന സ്ഥിതിയാണ്.സഞ്ചാരികൾ ഭക്ഷണത്തിനും,വെള്ളത്തിനും വരെ ബുദ്ധിമുട്ടുന്നുണ്ട്.
വന്യമൃഗ ശല്യവും
മഴയായതോടെ കാട്ടാന,കാട്ടുപോത്ത്,പന്നി,കരടി,പുലി,കുരങ്ങുകൾ ഉൾപ്പെടെയുള്ള കാട്ടുമൃഗങ്ങൾ പൊന്മുടി മേഖലയിൽ എത്തുന്നുണ്ട്. കാട്ടുമൃഗങ്ങളുടെ സാന്നിദ്ധ്യം സഞ്ചാരികൾക്ക് കൗതുകക്കാഴ്ച സമ്മാനിക്കും.