
സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടി വീണ്ടും നായികയായി എത്തിയേക്കും. ഡേറ്റ് ക്ളാഷിനെ തുടർന്ന് അനുഷ്ക ഒറ്റക്കൊമ്പനിൽ നിന്ന് പിൻമാറിയിരുന്നു. എന്നാൽ അനുഷ്കയെ തന്നെ നായികയാക്കാനുള്ള ശ്രമമാണ് അണിയറ പ്രവർത്തകർ നടത്തുന്നത്.
ഒറ്റക്കൊമ്പൻ പ്രഖ്യാപിക്കുമ്പോൾ അനുഷ്കയെയാണ് നായികയായി നിശ്ചയിച്ചിരുന്നത്. എന്നാൽ അനുഷ്ക പിൻമാറിയതിനെ തുടർന്ന് ബോളിവുഡിൽനിന്നടക്കം പലരെയും പരിഗണിച്ചെങ്കിലും തീരുമാനത്തിൽ എത്താൻ കഴിഞ്ഞില്ല.
ഒറ്റക്കൊമ്പനിലൂടെ മലയാളത്തിലേക്ക് വരാൻ അനുഷ്ക ഒരുങ്ങിയിരുന്നതാണ്. ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാർ എന്ന ചിത്രത്തിലൂടെ അനുഷ്ക മലയാളത്തിലേക്ക് എത്തി കഴിഞ്ഞു. കത്തനാർ, ഒറ്റക്കൊമ്പൻ എന്നീ ചിത്രങ്ങൾ നിർമ്മിക്കുന്നത് ഗോകുലം മുവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. ഡേറ്റ് ക്ളാഷ് പരിഹരിച്ചാൽ ഉടൻ അനുഷ്ക ഒറ്റക്കൊമ്പനിൽ നായികയായി എത്തുമെന്ന് ഏതാണ്ട് ഉറപ്പിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തിൽ ഒക്ടോബർ ആദ്യം ഒറ്റക്കൊമ്പന്റെ ചിത്രീകരണം മലേഷ്യയിൽ ആരംഭിക്കും. ഒരാഴ്ചത്തെ ചിത്രീകരണം മലേഷ്യയിൽ ഉണ്ടാകും.
ഇൗ ഷെഡ്യൂളിൽ സുരേഷ് ഗോപി മാത്രമേ ഉണ്ടാകൂ. ഇവിടത്തെ ചിത്രീകരണത്തിനുശേഷം സുരേഷ് ഗോപി താടിയെടുക്കും. ആക്ഷൻ രംഗങ്ങൾ ആണ് ഇവിടെ ചിത്രീകരിക്കുക. ഒറ്റക്കൊമ്പന്റെ തുടർ ചിത്രീകരണം ഇൗരാറ്റുപേട്ടയിലാണ്.ഷിബിൻ ഫ്രാൻസിസ് രചന നിർവഹിക്കുന്നു. ഷാജി കുമാർ ആണ് ഛായാഗ്രഹണം. അതേസമയം വരാഹം, ജെഎസ് കെ എന്നീ ചിത്രങ്ങളാണ് സുരേഷ് ഗോപി നായകനായി അണിയറയിൽ ഒരുങ്ങുന്നത്. രണ്ടു ചിത്രങ്ങളിലും സുരേഷ് ഗോപി ഡബ്ബിംഗ് പൂർത്തിയാക്കാനുണ്ട്.