
നെടുമങ്ങാട്: ധനകാര്യ മാനേജ്‌മെന്റ് മെച്ചപ്പെടുത്താൻ ഫാം ടൂറിസത്തിന്റെ പാത തേടുകയാണ് കരകുളം സർവീസ് സഹകരണ ബാങ്ക്. ബാങ്കിന്റെ നിയന്ത്രണത്തിൽ വട്ടപ്പാറയിൽ നാലുവർഷമായി പ്രവർത്തിക്കുന്ന 'കാസ്കോ വില്ലേജ്" സഹകരണ രംഗത്ത് പുതിയ ചുവടുവയ്പാണ്. പത്തേക്കറോളം സ്ഥലത്ത് ആറ് കുളങ്ങളിലായി ആയിരക്കണക്കിന് മത്സ്യങ്ങൾ, വാഴത്തോപ്പുകൾ, ജൈവ പച്ചക്കറിത്തോട്ടങ്ങൾ, സൂര്യകാന്തിയും ജമന്തിയും ആമ്പൽപ്പൂക്കളും, സന്ദർശകർക്ക് ഇവിടെ താമസിക്കാം, അവർ ഇഷ്ടപ്പെടുന്ന തനിനാടൻ വിഭവങ്ങൾ തിരഞ്ഞെടുത്ത് കഴിക്കാം. 2021 ൽ വിനോദ സഞ്ചാര വകുപ്പുമായി സഹകരിച്ച് ബാങ്ക് നടപ്പിലാക്കിയ ഹരിത ടൂറിസം പദ്ധതിയാണ് കാസ്കോ വില്ലേജ്. സഞ്ചാരികളുടെ ഒഴുക്ക് ഏറിയതോടെ, ജൈവഗ്രാമം 25 ഏക്കറിൽ വികസിപ്പിക്കുന്നതിനും ഫാം ടൂറിസത്തിന്റെ സാദ്ധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നതിനുമായി 45 കോടി രൂപയുടെ നൂതന പദ്ധതി ആവിഷ്കരിച്ച് സർക്കാരിനു സമർപ്പിച്ചിരിക്കുകയാണ് അധികൃതർ.
സംസ്ഥാനത്ത് സഹകരണ മേഖലയിൽ ടൂറിസം വകുപ്പുമായി സഹകരിച്ച് ആദ്യമായി നടപ്പിലാക്കിയ ഹരിതടൂറിസം ഗ്രാമമാണ് കാസ്കോ വില്ലേജ്.
കുന്നുകളും താഴ്വരയും കാണാം
കുന്നുകളും താഴ്വാരവും നിലനിർത്തി പരിസ്ഥിതിക്കിണങ്ങുന്ന വിധത്തിലാണ് ജൈവഗ്രാമത്തിലെ കൃഷിരീതി. ഉയർന്ന പ്രദേശങ്ങളിൽ പച്ചക്കറിയും വിവിധയിനം വാഴകളും. താഴ്ന്ന സ്ഥലങ്ങളിൽ പൂച്ചെടിയും മത്സ്യകൃഷിയും. ശുദ്ധമായ വെള്ളം കിട്ടുന്നതിന് ശാസ്ത്രീയമായ സംവിധാനം. 25 കർഷക കുടുംബങ്ങൾ കഴിഞ്ഞ രണ്ടുവർഷമായി ഇവിടെ പണിയെടുക്കുന്നുണ്ട്. പ്രതിമാസം 1500 കിലോയിലധികം പച്ചക്കറി ഉദ്പാദിപ്പിക്കുന്നുണ്ട്. ഒന്നര ലക്ഷം മുതൽ രണ്ട് ലക്ഷം വരെയാണ് മത്സ്യം ഉൾപ്പെടെയുള്ളവയുടെ വിറ്റുവരവ്. പച്ചക്കറികളും പഴവർഗങ്ങളും തോട്ടത്തിലാണ് അധികവും വിൽക്കുന്നത്. മിച്ചമുള്ളത് വട്ടപ്പാറയിൽ രണ്ടുവർഷമായി പ്രവർത്തിക്കുന്ന ഗ്രാമീണചന്ത വഴിയും നെടുമങ്ങാട് മൊത്തവ്യാപാര വിപണിവഴിയും വിറ്റുപോകും. മറ്റു കർഷകരുടെ ഉത്പന്നങ്ങളും ജൈവഗ്രാമത്തിൽ വിൽക്കാം.
കർഷകർക്ക് ഉപകാരപ്രദം
കരകുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.എസ്.രാജലാലും സെക്രട്ടറി മുൻ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ബി.ബിജുവുമാണ് കാസ്കോ വില്ലേജിന്റെ അമരക്കാർ.നല്ല പച്ചക്കറിയും മീനും ഉദ്പാദിപ്പിക്കുക, പ്രദേശത്തെ കർഷകരെ സഹായിക്കുക എന്നീ ലക്ഷ്യങ്ങളും കാസ്കോ നടപ്പാക്കുന്നുണ്ട്. ഗ്രാമീണച്ചന്തയുടെ പ്രവർത്തനത്തിന് സർക്കാർ ധനസഹായവുമുണ്ട്. അനർട്ടുമായി ചേർന്ന് നടപ്പാക്കിയ സോളാർ പദ്ധതി കൃഷിഭൂമിയിൽ രാത്രിയിലും വെളിച്ചം പകരും.