തിരുവനന്തപുരം: തലസ്ഥാനത്ത് കുടിവെള്ളം മുടങ്ങിയ സംഭവത്തിൽ വാട്ടർഅതോറിറ്റിയുടെ അന്വേഷണ റിപ്പോർട്ടിന്റെ തുടർനടപടികൾ ഓണത്തിനു ശേഷം. വെള്ളിയാഴ്ചയാണ് ടെക്നിക്കൽ മെമ്പർ സേതുകുമാർ തയാറാക്കിയ ആഭ്യന്തര റിപ്പോർട്ട് ജോയിന്റ് എം.ഡി ബിനു ഫ്രാൻസിസിന്റെ കുറിപ്പോടെ അഡി.ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക് കൈമാറിയത്. ഉദ്യോഗസ്ഥരുടെ വീഴ്ച റിപ്പോ‌ർട്ടിൽ ചൂണ്ടിക്കാണിച്ചെങ്കിലും അവർക്കെതിരെ നടപടിയെടുക്കാൻ സാദ്ധ്യതയില്ലെന്നാണ് സൂചന.

ചെല്ലമംഗലം കുന്നുംപുറം ലെയ്നിൽ കുടിവെള്ളമില്ല

ഉത്രാടദിനത്തിലും വെള്ളം മുടങ്ങിയ ദുഃഖത്തിലാണ് ശ്രീകാര്യം ചെല്ലമംഗലം കുന്നുംപുറം ലെയ്നിലെ പ്രദേശവാസികൾ. ഇവിടെ ജപ്പാൻ കുടിവെള്ള പൈപ്പ് ‌ലൈനിനെ ആശ്രയിക്കുന്ന കുടുംബങ്ങൾക്കാണ് വെള്ളം ലഭിക്കാത്തത്. മാസങ്ങളായി ഇവിടുത്തെ 50ഓളം കുടുംബങ്ങളിൽ വെള്ളം മുടങ്ങുന്നത് പതിവാണ്. പാതിരാത്രി ചെറിയ മർദ്ദത്തിൽ മാത്രം വെള്ളം ലഭിക്കും.മുക്കിക്കട ആവുകുളം ചെല്ലമംഗലം റസിഡന്റ്സ് അസോസിയേഷനിലെ ഭാരവാഹികൾ പരാതിപ്പെട്ടപ്പോൾ പ്രശ്നം പരിഹരിക്കാൻ വാൽവ് സ്ഥാപിക്കാമെന്ന് അധികൃതർ ഉറപ്പുനൽകി. ഈ പ്രതീക്ഷയും ഫലം കണ്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.