
തിരുവനന്തപുരം: ഭിന്നശേഷിക്കാർക്ക് ആശ്വാസ കിരണമുൾപ്പെടെ ആനുകൂല്യങ്ങൾ മുടങ്ങിയിട്ട് മാസങ്ങളായെന്ന് വോയിസ് ഫോർ ഡിസേബിൾഡ് ഡയറക്ടർ എസ്.എച്ച്. പഞ്ചാപകേശൻ പറഞ്ഞു. പാവപ്പെട്ട നിരവധി കുടുംബങ്ങൾ ഓണക്കാലത്തും പ്രതിസന്ധിയിലാണ്. ആനുകൂല്യങ്ങൾ അടിയന്തരമായി കുടിശികതീർത്ത് വിതരണം ചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കണം.
പുതുക്കിയ വോട്ടർപട്ടിക ഒക്ടോബർ 19ന്
തിരുവനന്തപുരം:ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്തെ 32തദ്ദേശവാർഡുകളിൽ ഒക്ടോബർ 19ന് പുതുക്കിയ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു. കരട് പട്ടിക സെപ്തംബർ 20ന് പുറത്തിറക്കും.ഒക്ടോബർ 5വരെ പുതുതായി ഉൾപ്പെടുത്താനും തിരുത്തലുകൾ വരുത്താനും sec.kerala.gov.inലൂടെ അപേക്ഷിക്കാം.കരട് പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും sec.kerala.gov.inലും പ്രസിദ്ധീകരിക്കും.12 ജില്ലകളിലായി ഒരു ജില്ലാപഞ്ചായത്ത് വാർഡ്,നാല് ബ്ളോക്ക് പഞ്ചായത്ത് വാർഡുകൾ,മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ,24ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്.
സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: ബാർട്ടൺഹിൽ ഗവ. എൻജിനിയറിംഗ് കോളേജിൽ എം.ടെക് ട്രാൻസ്ലേഷണൽ എൻജിനിയറിംഗിൽ 19ന് രാവിലെ 9ന് സ്പോട്ട് അഡ്മിഷൻ നടത്തും. വിവരങ്ങൾക്ക്: www.gecbh.ac.in, www.tplc.gecbh.ac.in, 7736136161/9995527866/9995527865
എൽ.എൽ.ബി റാങ്ക് ലിസ്റ്റ്
തിരുവനന്തപുരം: പഞ്ചവത്സര എൽ.എൽ.ബി പ്രവേശനത്തിനുള്ള അന്തിമ റാങ്ക്, കാറ്റഗറി ലിസ്റ്റുകൾ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഹെൽപ്പ് ലൈൻ- 04712525300
ഹേമാ കമ്മിറ്റിക്ക് മൊഴി നൽകിയ
50 പേരിൽ നിന്ന് വിവരം തേടും
തിരുവനന്തപുരം: സിനിമയിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ജസ്റ്റിസ് ഹേമാ കമ്മിറ്റിക്ക് മൊഴി നൽകിയ 50പേരിൽ നിന്ന് പൊലീസ് വിവരം തേടും. എ.ഡി.ജി.പി എച്ച്.വെങ്കടേശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നാലായി തിരിഞ്ഞാവും വിവരശേഖരണം നടത്തുക. 10 ദിവസത്തിനകം പൂർത്തിയാക്കും. ഹൈക്കോടതി ഉത്തരവ് പ്രകാരം കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം അന്വേഷണ സംഘത്തിന് സർക്കാർ കൈമാറിയിട്ടുണ്ട്. കമ്മിറ്റിക്ക് മൊഴി നൽകിയവർ ആരോപണത്തിൽ ഉറച്ചുനിന്നാൽ കേസെടുക്കും. പ്രമുഖ നടന്മാർക്കെതിരെ അടക്കം നടിമാരുടെ വെളിപ്പെടുത്തലിൽ 23 കേസുകളെടുത്തെങ്കിലും അവ ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. പുറത്തു വന്ന റിപ്പോർട്ടിൽ മൊഴികളുണ്ടെങ്കിലും അവ ആരുടേതാണെന്ന് വ്യക്തമല്ല.
കൊൽക്കത്തയിൽ സ്ഫോടനം
ബലോച്മൻ സ്ട്രീറ്റ്: കൊൽക്കത്തയിലെ ബലോച്മൻ സ്ട്രീറ്റിൽ സ്ഫോടനം. ബലോച്മൻ സ്ട്രീറ്റിലെ എസ്എൻ ബാനർജി റോഡിൽ ഇന്നലെ ഉച്ചയ്ക്ക് 1.45 ഓടെയാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇയാളുടെ നില ഗുരുതരമല്ല.
സംഭവത്തിൽ എൻ.ഐ.എ അന്വേഷണം വേണമെന്ന് കേന്ദ്രമന്ത്രി സുകാന്ത മജുംദാർ പറഞ്ഞു. മുഖ്യമന്ത്രി മമത ബാനർജിക്കെതിരെയും സുകാന്ത വിമർശനം ഉന്നയിച്ചു. മമത ബാനർജിയുടെ ഭരണത്തിൽ സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നുവെന്ന് സുകാന്ത ആരോപിച്ചു.