തിരുവനന്തപുരം: അത്തം പിറന്നതുമുതൽ തുടങ്ങിയ തിരക്ക് ഉത്രാടപ്പാച്ചിലോടെ അവസാനിച്ചു,​ ഇനി തിരുവോണപ്പുലരി. ഉത്രാടത്തിന് കടകളിലും തെരുവ് കച്ചവടക്കാർക്കുമെല്ലാം ഇന്നലെ വലിയ തിരക്കായിരുന്നു. സദ്യവട്ടങ്ങൾക്കുള്ള പച്ചക്കറിക്ക് മാത്രമല്ല, വസ്ത്രവില്പന ശാലകളിലും ഗൃഹോപകരണ, ഇലക്രോണിക്സ് വിപണികളിലുമെല്ലാം ഇന്നലെ രാത്രി വൈകിയാണ് തിരക്ക് അവസാനിച്ചത്. ഓണം ബോണസ്, ഫെസ്റ്റിവൽ അലവൻസ് എന്നിവ ലഭിച്ചതോടെ വിപണി സജീവമായിരുന്നു. ഉത്രാടപ്പാച്ചിലായതിനാൽ റോഡിൽ വലിയ ഗതാഗതത്തിരക്കായിരുന്നു. തുണികൾ, ചെരുപ്പുകൾ, ഫാൻസി സാധനങ്ങൾ, ഭക്ഷണ സാധനങ്ങൾ, പൂക്കൾ, മഞ്ഞക്കോടി എന്നിവകൊണ്ട് തെരുവുകൾ നിറഞ്ഞു.
മാളുകളിലും ഷോറൂമുകളിലും തിരക്കിന് കുറവുണ്ടായിരുന്നില്ല. ഗൃഹോപകരണ വിപണിക്ക് ഉണർവുണ്ടായ ഓണമായിരുന്നു ഇക്കുറി. വിലക്കുറവും ഡിസ്‌കൗണ്ടും ആകർഷകമായ സമ്മാനപദ്ധതികളും മാത്രമല്ല, ഇൻസ്റ്റാൾമെന്റ് സ്കീമുകളും നടപ്പാക്കി ഉപഭോക്താക്കളെ ആകർഷിക്കുന്ന വിധമായിരുന്നു കച്ചവടം. ഇടയ്ക്കിടെ മഴ പെയ്തെങ്കിലും അതൊന്നും വില്പനയെ ബാധിച്ചില്ല.