a

തിരുവനന്തപുരം: കെ.എസ്.ഇ.ബിയെ മുന്നോട്ട് കൊണ്ടുപോകാൻ ജീവനക്കാരുടെ അഭിപ്രായം തേടി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിജുപ്രഭാകറിന്റെ സർക്കുലർ.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയാൻ ആഗ്രഹിക്കുന്നുവെന്നും എച്ച്.ഐ.ആർ.എസ്. സോഫ്റ്റ് വെയറിന്റെ സെൽഫ് ലോഗിനിൽ ഈ മാസം

13 മുതൽ 25വരെ ലഭ്യമാക്കിയിട്ടുള്ള ലിങ്കിൽ സത്യസന്ധമായി രേഖപ്പെടുത്തണമെന്നുമാണ് അഭ്യർത്ഥന. നയസമീപനം രൂപീകരിക്കുന്നതിനും ഈ പൊതുമേഖലാ സ്ഥാപനത്തെ കൂടുതൽ ഉപഭോക്തൃ സൗഹൃദമാക്കാനും

ഇതുപയോഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

`ഉപഭോക്താവാണ് നമ്മുടെ സ്ഥാപനത്തിലെ ഏറ്റവും പ്രധാനപ്പെട്ട സന്ദർശകൻ' എന്ന മഹാത്മജിയുടെ വചനങ്ങൾ ആലേഖനം ചെയ്ത ഫലകം എല്ലാ കെ.എസ്.ഇ.ബി ഓഫീസിലും പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു. ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനം നല്കുക എന്ന സമീപനത്തിൽ യാതൊരു വിട്ടുവീഴ്ചയും നമ്മുടെ ഭാഗത്തു നിന്ന് ഉണ്ടാകാൻ പാടില്ലെന്ന ലക്ഷ്യത്തോടെയാണത്.

വൈദ്യുതി തടസ്സം, നിരക്ക് വർദ്ധന എന്നിങ്ങനെ വലിയതോതിൽ ആരോപണങ്ങളും പരിഹാസങ്ങളും നേരിടുന്ന സാഹചര്യത്തിലും വയനാട്ടിലെ ദുരന്തഭൂമിയിൽ കെ.എസ്.ഇ.ബിയുടെ സേവനം പ്രശംസ നേടി.

മാനേജ്‌മെന്റും തൊഴിലാളികളും എന്ന വേർതിരിവില്ലാതെ കേരളത്തിന് ഊർജ്ജം പകരാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടവരാണ് എന്ന ബോധ്യം നമുക്കേവർക്കും ഉണ്ടാകേണ്ടതുണ്ട്.

അസത്യങ്ങളും അർദ്ധസത്യങ്ങളും നിരത്തിയുള്ള പ്രചാരണങ്ങൾ കാരണം ചിലർക്കെങ്കിലും ഈ സ്ഥാപനത്തിന്റെ സാമൂഹിക പ്രതിബദ്ധതയെ സംബന്ധിച്ച് തെറ്റിദ്ധാരണയുണ്ടായിട്ടുണ്ട്. ഈ തെറ്റിദ്ധാരണകളും പിഴവുകളെന്തെങ്കിലും ഉണ്ടെങ്കിൽ അവയും പരിഹരിച്ച് മികവോടെ മുന്നേറുന്നതിന് നിങ്ങളോരോരുത്തരുടെയും പിന്തുണ വേണമെന്ന് കത്തിൽ പറയുന്നു. ഇതോടൊപ്പം എട്ടുചോദ്യങ്ങൾ നൽകിയിട്ടുണ്ട്. അതിനുള്ള ഉത്തരമായാണ് അഭിപ്രായങ്ങളും നിർദ്ദേങ്ങളും അറിയിക്കേണ്ടത്.