s

വിജ്ഞാനത്തിന്റെയും തൊഴിലുകളുടെയും അധിദേവൻ കൂടിയാണ് ലോക സ്രഷ്ടാവായ വിശ്വകർമ്മ ദേവൻ. പഞ്ചഭൂത നിർമ്മിതമായ എല്ലാത്തിലും അന്തർവസിക്കുന്ന വിശ്വകർമ്മ ഭഗവാനെ സഹസ്ര ശീർഷനായും സഹസ്രാക്ഷനായും സഹസ്രപാദനായും സങ്കല്പിച്ചുവരുന്നു. ദൃശ്യരൂപത്തിൽ അഞ്ചുമുഖവും പതിനഞ്ച് കണ്ണുകളുമുള്ള രൂപമാണ് വിശ്വകർമ്മാവിന്റേത്. വ്യത്യസ്ത നിറങ്ങളിലാണ് മുഖങ്ങൾ.

വെളുത്തനിറം. സദ്യോജാത മുഖവും, കറുത്തത് വാമദേവ മുഖവും, ചുവന്നത് അഘോര മുഖവും, നീല ഈശാന മുഖവും, മഞ്ഞനിറം തത്പുരുഷ മുഖവുമാണ്. മഞ്ഞവസ്ത്രവും കർണകുണ്ഡലങ്ങളും ധരിച്ച സ്വർണനിറത്തിലുള്ള ശരീരത്തിൽ പത്തു കൈകളുമുണ്ട്. കമണ്ഡലു, ഗ്രന്ഥം ഇവ ആയുധങ്ങളായും ഹംസത്തെ വാഹനമായും കണക്കാക്കുന്നു. ഗായത്രിയാണ് ജീവിത പങ്കാളി. പഞ്ചമുഖ വിശ്വകർമ്മാവിന്റെ ചിത്രം ആദ്യമായി വരച്ചത് ശില്പി സിദ്ധാന്തി സിദ്ധലിംഗ സ്വാമിയാണ്.

ഋഷിപഞ്ചമിയാണ് വിശ്വകർമ്മ പൂജയിൽ പ്രധാനം. ഭാദ്രപദ മാസത്തിലെ ശുക്ളപക്ഷ പഞ്ചമി തിഥിയാണ് ഋഷിപഞ്ചമിയായി ആഘോഷിക്കുന്നത്. പുത്രന്മാരായ പഞ്ചഋഷിവര്യന്മാർക്ക് വിശ്വരൂപം ദർശനമാക്കി പഞ്ചവേദങ്ങളും ശാസ്ത്രങ്ങളും ജ്ഞാന- വിജ്ഞാനങ്ങളും പകർന്നുനൽകിയ പുണ്യദിനമാണ് ഋഷിപഞ്ചമി. ദേവന്മാരും ഋഷീശ്വരന്മാരും വിശ്വകർമ്മാവിനെ സ്തുതിക്കുകയും പൂജിക്കുകയും ചെയ്യുന്ന ദിനം കൂടിയാണിത്. കർമ്മപാപങ്ങൾക്ക് പ്രായശ്ചിത്തം അനുഷ്ഠിക്കാനും ഈ ദിനം ശ്രേഷ്ഠമെന്ന് വിശ്വസിക്കപ്പെടുന്നു. തൊഴിലുകളിൽ അഭിവൃദ്ധിയുണ്ടാകാനും കുടുംബത്തിൽ ഐശ്വര്യം നിറയാനും സമൂഹത്തിൽ ശാന്തിയും സമാധാനവും സംജാതമാക്കാനുമുള്ള സന്ദേശമായി ഭാരതത്തിൽ മാത്രമല്ല, നേപ്പാൾ ഉൾപ്പെടെ പല രാജ്യങ്ങളിലും ഋഷിപഞ്ചമി ആഘോഷിച്ചുവരുന്നു.

മനു, മയൻ, ത്വഷ്ടാവ്, ശില്പി, ദൈവജ്ഞൻ എന്നിങ്ങനെ അഞ്ചുമുഖങ്ങളിൽ നിന്നു ജനിച്ച്, അഞ്ചു പ്രവൃത്തികളാൽ വിഭജിക്കപ്പെട്ട പഞ്ചദേവതമാരുണ്ട്. ഇവരുടെ പിന്തുടർച്ചക്കാരായി വരുന്ന ശില്പി വിഭാഗക്കാരാണ് പാഞ്ചാലർ. ഇരുമ്പുപണി ചെയ്യുന്നവർ കൊല്ലൻ (കരുവാൻ) എന്നറിയപ്പെടുന്നു. ഇവർ മനു ഋഷിയുടെ പിൻഗാമികളാണ്. മരപ്പണി ചെയ്യുന്നവരെ ആശാരി (തച്ചൻ) എന്ന പേരിൽ പറയുന്നു. വിഗ്രഹങ്ങൾ ഉൾപ്പെടെ ക്ഷേത്രങ്ങളും ഭവനങ്ങളും തടികൊണ്ടുള്ള എല്ലാ ഉപകരണങ്ങളും മനോഹരമായി കൊത്തിവരുന്നത് ഇവരാണ്. മയ ഋഷിയാണ് ആശാരിമാരുടെ ആചാര്യൻ.

ഓട്ടുപണി ചെയ്യുന്നവർ ശില്പാചാരി (മൂശാരി) എന്നറിയപ്പെടുന്നു. പിച്ചള, ചെമ്പ്, ഓട് തുടങ്ങിയവ ഉപയോഗിച്ചുള്ള വസ്തുക്കളെല്ലാം ഇവരുടെ കരവിരുതാണ്. ത്വഷ്ടാവ് ആണ് ആചാര്യൻ. അമൂല്യങ്ങളായ പഞ്ചലോഹ വിഗ്രഹങ്ങൾ, ആറന്മുള കണ്ണാടി തുടങ്ങിയവയൊക്കെ ഇവരുടെ സൃഷ്ടിയാണ്. കല്ലുകളിൽ ശില്പഭംഗി വരുത്തുന്നവരെ ശില്പാചാരി (കല്ലാചാരി) എന്നുവിളിക്കുന്നു. ശില്പി ഋഷിയുടെ പിൻതലമുറക്കാരാണ് ഇവർ. സ്വർണത്തിൽ രൂപകല്പന നടത്തുന്നവരെ പൊന്നാശാരി എന്നുവിളിക്കുന്നു. തട്ടാൻ എന്ന ഗണത്തിൽപ്പെടുന്ന ഇവർ വിശ്വജ്ന എന്ന ഋഷിയുടെ പിൻഗാമികളത്രേ.

ലോകത്ത് പന്ത്രണ്ടു കോടിയിലേറെ ജനങ്ങൾ വിശ്വകർമ്മ ജയന്തി ആഘോഷങ്ങളുടെ ഭാഗമാകുന്നുവെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയിൽ അഞ്ചു സംസ്ഥാനങ്ങളിൽ വിശ്വകർമ്മ ദിനം അവധിദിനം കൂടിയാണ്. വിശ്വകർമ്മാവിനെ പരമശിവൻ തന്നെ ദേവന്മാരോടൊപ്പം വിശ്വകർമ്മ ലോകത്തെത്തി സ്തുതിച്ച് നമസ്ക്കരിച്ചതായി പറയുന്നുണ്ട്. സർവചരാചരങ്ങളുടെയും അധിപനായ പിതാവ് എന്തിനാണ് വിശ്വകർമ്മാവിനെ അങ്ങോട്ടുപോയിക്കണ്ട് പൂജിക്കുന്നതെന്ന് പുത്രൻ സുബ്രഹ്മണ്യസ്വാമി ചോദിക്കുമ്പോൾ, വിശ്വകർമ്മ മാഹാത്മ്യം സാക്ഷാൽ പരമേശ്വരൻ വിവരിക്കുന്നുണ്ട്.

വിശ്വകർമ്മാവാണ് പ്രപഞ്ചത്തിലെ സകല നിർമ്മാണങ്ങൾക്കും കാരണഭൂതൻ. അതിനാൽ ലോകത്തെ തന്നെയും നിയന്ത്രിക്കുന്നത് വിശ്വകർമ്മാവാണ്. എല്ലാ അണുക്കളിലും ആ പ്രഭാവം നിറഞ്ഞുനിൽക്കുന്നു. പ്രപഞ്ചലീലകളിൽ വ്യാപൃതനായിരിക്കുന്ന വിശ്വകർമ്മാവിന്റെ സ്മരണ, ഗുരുപദേശപ്രകാരമുള്ള ഉപാസന, പാദസേവപൂജ, വിശ്വകർമ്മ പുരാണ ശ്രവണം എന്നിവയിലൂടെ കർമ്മങ്ങളിൽ സംഭവിച്ച പാവങ്ങളിൽ നിന്ന് മോചനം സാദ്ധ്യമാകും. പഞ്ചഭൂതങ്ങളുടെയും പഞ്ചതന്മാത്രകളുടെയും സ്രഷ്ടാവായ വിശ്വകർമ്മാവിനെ പൂജിക്കുകവഴി കലിയുഗ പ്രഭാവത്തിൽ നിന്നുപോലും മുക്തി നേടാനാകുമത്രേ!

കലാപരമായ കഴിവുകൾകൊണ്ടും കഠിനാദ്ധ്വാനശീലംകൊണ്ടും അഗ്രഗണ്യരെങ്കിലും അർഹമായ സ്ഥാനമോ പ്രതിഫലമോ ഒന്നും വിശ്വകർമ്മജർക്ക് സമൂഹത്തിൽ നിന്ന് പലപ്പോഴും കിട്ടാറില്ല. അതുകൊണ്ടുതന്നെ പിന്തുടർച്ചക്കാർ പലപ്പോഴും പാരമ്പര്യത്തൊഴിൽ ഉപേക്ഷിച്ച് മറ്റു മേഖലകളിലേക്ക് വഴിമാറേണ്ട സാഹചര്യങ്ങളാണ് ഉള്ളത്. എങ്കിലും ചരിത്രപരമായി പ്രാധാന്യമുള്ള പല സ്ഥലങ്ങളിലും വിഖ്യാതമായ ക്ഷേത്രങ്ങളിലും മറ്റും ഇവരുടെ ശില്പചാതുരിയും നൈപുണ്യവും അത്ഭുതമായി ഇന്നും ജനം നോക്കിനിൽക്കുന്നു! തച്ചുശാസ്ത്ര വൈദഗ്ദ്ധ്യം കൊണ്ടുമാത്രം പ്രസിദ്ധമായ സ്മാരകങ്ങളുമുണ്ട്.

പരമ്പരാഗതമായി കൈവരുന്ന അത്തരം വാസനകളെ വളർത്തിയെടുക്കാനുള്ള സാഹചര്യം ഇനിയുള്ള തലമുറയ്ക്കെങ്കിലും കിട്ടേണ്ടതുണ്ട്. അതിനായി ചില പദ്ധതികളെങ്കിലും ആവിഷ്കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അർഹമായ കൈകളിൽ എത്തുന്നില്ല എന്നതാണ് വാസ്തവം. കേരളത്തിൽ വിശ്വകർമ്മ ക്ഷേത്രങ്ങൾ തുലോം കുറവാണ്. എങ്കിലും കോട്ടയം വാകത്താനത്തുള്ള വിശ്വബ്രഹ്മ ക്ഷേത്രം, കാസർഗോഡ് കാഞ്ഞങ്ങാട്ടുള്ള ശ്രീമദ് പരശിവ വിശ്വകർമ്മ ക്ഷേത്രം, ഇടപ്പള്ളി അഞ്ചുമന ദേവി ക്ഷേത്രം എന്നിവ പ്രസിദ്ധങ്ങളാണ്.

തൊഴിലിന്റെ ഉന്നമനത്തിനും കലാപരമായ കഴിവുകളുടെ വികസനത്തിനും വിശ്വകർമ്മ പൂജയ്ക്കുള്ള പ്രാധാന്യം മനസിലാക്കി, വിജ്ഞാനസമൂഹം വിശ്വകർമ്മ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങൾ നിർമ്മിക്കുന്നതിൽ ശ്രദ്ധ കൊടുക്കുന്നുണ്ട്. തിരുവനന്തപുരത്ത് പേട്ട താഴശേരിയിലെ വിരാട് വിശ്വബ്രഹ്മ ക്ഷേത്രം അതിലൊന്നാണ്. വിശ്വകർമ്മാവിനു പുറമേ ദേവി, ഗണപതി, യോഗീശ്വരൻ, മന്ത്രമൂർത്തി, ഗായത്രിദേവി, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠയുണ്ട്. തൊഴിൽ തടസം മാറാനും ഉന്നതവിദ്യാഭ്യാസത്തിനുമൊക്കെയായി നൂറുകണക്കിനു പേർ ഇവിടെയെത്തി പ്രർത്ഥിക്കുകയും വഴിപാടുകൾ സമർപ്പിക്കുകയും ചെയ്യുന്നു. കലിയുഗ പ്രഭാവത്തെ അതിജീവിച്ച് പരസ്പര സ്നേഹവും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു സാമൂഹിക ചുറ്റുപാട് പടുത്തുയർത്താൻ പ്രപഞ്ചസ്രഷ്ടാവായ വിശ്വകർമ്മേശ്വരൻ അനുഗ്രഹം ചൊരിയട്ടെ.

(ലേഖകന്റെ ഫോൺ: 98471 48802)