
വർക്കല: തിരുവോണനാളിൽ വർക്കലയിലെ മൂന്ന് യുവാക്കളുടെ ജീവനെടുത്തത് അമിതവേഗത. ഞായറാഴ്ച രാത്രി 11.20 ഓടെ കുരയ്ക്കണ്ണി ജംഗ്ഷന് സമീപം നടന്ന അപകടത്തിൽ ആദിത്യൻ (18), ആനന്ദ്ദാസ് (19), ജിഷ്ണു മോൻസി (19) എന്നിവരാണ് മരിച്ചത്. ജനാർദ്ദനപുരം സ്വദേശി വിഷ്ണു (19), ഇടവ മൂടില്ലാവിള കല്ലിൻമേൽ വയലിൽവീട്ടിൽ സനോജ് (19) എന്നിവർ ഗുരുതരപരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സുഹൃത്തുക്കൾക്കൊപ്പം ഓണംആഘോഷിക്കാൻ വീട്ടിൽ നിന്നിറങ്ങിയ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. വിഷ്ണുവും ജിഷ്ണു മോൻസിയും പുന്നമൂട് പെട്രോൾ പമ്പിൽ നിന്ന് ബൈക്കിൽ ഇന്ധനം നിറച്ചശേഷം കുരയ്ക്കണ്ണി ജംഗ്ഷനിലെത്തി ഹെലിപ്പാഡ് ഭാഗത്തേയ്ക്ക് പോകുമ്പോൾ എതിർദിശയിൽ നിന്ന് വന്ന ആദിത്യൻ,ആനന്ദ്ദാസ്, സനോജ് എന്നിവർ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ആദിത്യൻ, ആനന്ദ്ദാസ്, ജിഷ്ണു എന്നിവർ സംഭവസ്ഥലത്ത് മരിച്ചു. രണ്ട് ബൈക്കുകളും അമിതവേഗത്തിലായിരുന്നു. അലൂമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരായ ആനന്ദ്ദാസും ആദിത്യനും സനോജും പാപനാശം ക്ലിഫിൽ ഓണം ആഘോഷിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെ നാട്ടുകാരും മറ്റ് വാഹനയാത്രക്കാരും വിദേശവിനോദസഞ്ചാരികളും ചേർന്നാണ് വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചത്. മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
കൂലിപ്പണിക്കാരനായ ദാസിന്റെ മകനാണ് ആനന്ദ്ദാസ്.സഹോദരൻ: രഞ്ജിദാസ്. മൈക്ക് ഓപ്പറേറ്റർ അനിൽകുമാറിന്റെ മകനാണ് ആദിത്യൻ. അപർണയാണ് സഹോദരി. തോന്നയ്ക്കൽ എ.ജെ കോളേജിൽ ഹോട്ടൽ മാനേജ്മെന്റ് രണ്ടാംവർഷ വിദ്യാർത്ഥിയാണ് ജിഷ്ണു. സഹോദരൻ: ജിത്തു.
ബൈക്കുകളിലൊന്നിന് ഹെഡ്ലൈറ്രില്ല
സുസുകി ജിറ്റ്സറും യമഹ 100 സി.സി ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇതിൽ യമഹ ബൈക്കിന്റെ ഹെഡ്ലൈറ്റ് പ്രവർത്തിച്ചിരുന്നില്ലെന്ന് സി.സി ടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഹെഡ്ലൈറ്റില്ലാതെ മറ്റ് വാഹനങ്ങളെ ഓവർടേക്ക് ചെയ്ത് കയറിയ യമഹ ബൈക്കിനെ എതിർദിശയിൽ വന്ന ബൈക്കിന് കാണാൻ കഴിയാത്തതും അപകടത്തിന് കാരണമായി.