
ദക്ഷിണേന്ത്യയിൽ നിന്നുള്ള ലക്ഷക്കണക്കിന് ഭക്തജനങ്ങളെ കേരളത്തിലേക്ക് ആകർഷിക്കുന്ന ഏറ്റവും പ്രമുഖമായ ക്ഷേത്രമാണ് ശബരിമല. വർഷത്തിൽ ഒരിക്കലെങ്കിലും ധർമ്മശാസ്‌താവിനെ വ്രതനിഷ്ഠയോടെ വന്നു കണ്ട് സായുജ്യമടയുക തമിഴ്‌നാട്, കർണാടക, തെലങ്കാന, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള അനേകലക്ഷം ഭക്തരുടെ ആചാരമാണ്. അവർക്കാർക്കും നേരിട്ട് പമ്പയിലെത്താനുള്ള റെയിൽ സൗകര്യം നിലവിലില്ല. സ്വന്തം വാഹനങ്ങളിലും വാടക വാഹനങ്ങളിലും ബസുകളിലും മറ്റുമായാണ് അവർ ഓരോ വർഷവും വന്നുകൊണ്ടിരിക്കുന്നത്. ശബരിമലയിലെത്താൻ പമ്പയിലേക്ക് റെയിൽ ബന്ധം ഉണ്ടായാൽ അന്യസംസ്ഥാനത്തു നിന്നുള്ള ഭക്തർക്ക് വലിയ സൗകര്യമാവും പകരുക. ഈ ആവശ്യം കേരളം ഉന്നയിച്ചു തുടങ്ങിയിട്ട് കാൽനൂറ്റാണ്ട് കഴിയുന്നു. വലിയ പ്രതീക്ഷയുണർത്തി അങ്കമാലി - എരുമേലി പാതയുടെ നിർമ്മാണം തുടങ്ങിയെങ്കിലും പലവിധ കാരണങ്ങളാൽ അത് അനിശ്ചിതമായി നിലച്ചുപോയി.
പിന്നീട്, ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് റെയിൽ പാത വേണമെന്ന ആവശ്യമുയർന്നിട്ടും വർഷങ്ങളായി. ഭക്തരുടെ ആ ചിരകാല സ്വപ്നത്തിന് ഒടുവിൽ റെയിൽവേ ബോർഡ് അന്തിമാനുമതി നൽകിയിരിക്കുന്നു. 6450 കോടി രൂപ ചെലവാകുമെന്നാണ് കണക്കുകൂട്ടിയിരിക്കുന്നതെങ്കിലും പൂർത്തിയാകുമ്പോൾ ഇതിൽ കൂടുതൽ ചെലവാകാനാണ് സാദ്ധ്യത. കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അനുമതി കൂടിയാണ് ഇനി വേണ്ടത്. കേന്ദ്രവും അഭിമാന പദ്ധതിയായി കണക്കാക്കുന്നതിനാൽ ആ അനുമതി ഉടൻ ലഭിക്കുമെന്നു കരുതാം. കഴിഞ്ഞ മാസമാണ് ദക്ഷിണ റെയിൽവേ ഡി.പി.ആർ അംഗീകരിച്ച് റെയിൽവേ ബോർഡിന് സമർപ്പിച്ചത്. തൊട്ടടുത്ത ബോർഡ് യോഗത്തിൽ തന്നെ അനുമതി ലഭിച്ചത് ഈ പദ്ധതി പൂർത്തിയാക്കാൻ കേരളം ഉൾപ്പെടെ വിവിധ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സമ്മർദ്ദത്തെ കൂടിയാണ് സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി മോദിക്കും പ്രത്യേക താത്‌പര്യമുള്ള പദ്ധതി കൂടിയാണിത്.
പുതിയ പദ്ധതികളിൽ സാമ്പത്തിക ബാദ്ധ്യത സംസ്ഥാനങ്ങൾ കൂടി വഹിക്കണമെന്ന് റെയിൽവേ വ്യവസ്ഥ വയ്ക്കാറുണ്ട്. ഈ ഉപാധി പമ്പ പാതയുടെ കാര്യത്തിൽ റെയിൽവേ നിർബന്ധമാക്കിയിട്ടില്ല. സാമ്പത്തിക ബാദ്ധ്യത പങ്കിടാനുള്ള സന്നദ്ധത കേരളം രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നതാണ്. ഭൂമി ഏറ്റെടുത്ത് കൈമാറേണ്ട ചുമതല കേരളത്തിനാണ്. ഇത് വൈകാതിരിക്കാനുള്ള ജാഗ്രത സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. യുദ്ധകാലാടിസ്ഥാനത്തിൽ ഇത് പൂർത്തിയാക്കാൻ വേണ്ട നടപടി റവന്യു വകുപ്പ് സ്വീകരിക്കേണ്ടതാണ്. കേന്ദ്രത്തിനു കൂടി താത്പര്യമുള്ള പദ്ധതിയായതിനാൽ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയങ്ങളുടെ ഭാഗത്തുനിന്ന് അനുകൂല നടപടി വേഗത്തിലുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. തീർത്ഥാടന കാലത്തു മാത്രമായിരിക്കും സർവീസ് എന്നാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെങ്കിലും, കേരളത്തിൽ എവിടേക്ക് റെയിൽ സർവീസ് തുടങ്ങിയാലും കൂടുതൽ വണ്ടികൾ ഓടിച്ചാലും യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടാകാറില്ല എന്നത് റെയിൽവേയ്ക്കു തന്നെ ബോദ്ധ്യമുള്ള വസ്‌തുതയാണ്.
വടശ്ശേരിക്കര, മാടമൺ, അത്തിക്കയം, നിലയ്ക്കൽ, ചാലക്കയം വഴിയാണ് പാത പമ്പയിലെത്തുന്നത്. ആറന്മുള, വടശ്ശേരിക്കര, സീതത്തോട്, പമ്പ എന്നിങ്ങനെ അഞ്ച് സ്റ്റേഷനുകളുണ്ടാകും. പാത പൂർത്തിയാകുന്ന മുറയ്ക്ക് സ്റ്റേഷന്റെ കാര്യത്തിലൊക്കെ ഇനിയും മാറ്റങ്ങൾ ഉണ്ടാകാം. പാത യാഥാർത്ഥ്യമാകുമ്പോൾ ശബരിമലയിലേക്കുള്ള തീർത്ഥാടക പ്രവാഹം ഇരട്ടിയായി വർദ്ധിക്കാനുള്ള സാദ്ധ്യത മുൻകൂട്ടിക്കണ്ട് അനുബന്ധ സൗകര്യങ്ങൾ ഒരുക്കാനുള്ള ആസൂത്രണം സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ഇപ്പോഴേ തുടങ്ങേണ്ടതുണ്ട്. അതുപോലെ, അങ്കമാലി- ശബരി പാതയും യാഥാർത്ഥ്യമാക്കേണ്ടതാണ്. ഈ പാത പമ്പ പാതയുമായി കൂട്ടിമുട്ടിച്ചാൽ വലിയ നേട്ടമാകുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. അതിനാൽ ആ വഴിക്കും നീക്കം ഉണ്ടാകണം.