കിളിമാനൂർ: ഓണക്കാലമായിട്ടും ഓണറേറിയവും ബോണസും ലഭിക്കാതെ റേഷൻ വ്യാപാരികൾ. ഓണറേറിയമായി 1000 രൂപയും ആഗസ്റ്റ് മാസത്തിലെ കമ്മിഷനും മുൻകൂറായി അനുവദിച്ചുവെന്ന അറിയിപ്പ് വന്നെങ്കിലും വ്യാപാരികൾക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഓരോ വ്യപാരികൾക്കും ഏകദേശം 5000 മുതൽ 30000 രൂപ വരെ കിട്ടും. ഇതിനുപുറമെയാണ് കിറ്റ് കമ്മിഷനും. കിറ്റ് കമ്മിഷൻ നൽകണമെന്ന സുപ്രീംകോടതി വിധിയുടെ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ കമ്മിഷൻ ഇനത്തിൽ 50ശതമാനം അനുവദിച്ചിരുന്നു. ബാക്കി തുക നൽകുന്നതിന് സാവകാശം ആവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിച്ചിരിക്കുകയാണ്. അതേസമയം കമ്മിഷൻ തുക ഒട്ടും ലഭിക്കാത്തവരും ഇക്കൂട്ടത്തിലുണ്ട്.

പോക്കറ്റ് കീറി വ്യാപാരികൾ

കമ്മിഷൻ തുക ലഭിച്ച വ്യാപാരികളിൽ നിന്ന് സെപ്തംബർ മാസത്തേക്ക് അനുവദിച്ച റേഷൻ സാധനങ്ങളുടെ വിലയും പിടിച്ചെടുത്തു. ഇതോടെ കൈയിൽ മിച്ചമൊന്നുമില്ലെന്ന് വ്യാപാരികൾ പറയുന്നു. വാഹന കരാറുകാരുടെ കുടിശ്ശിക നൽകാത്തതിനാൽ പല താലൂക്കിലും കൃത്യമായി റേഷൻ സാധനങ്ങൾ എത്താറില്ലെന്നും പരാതിയുണ്ട്.

ആവശ്യങ്ങൾ :

റേഷൻ വിതരണ കമ്മിഷൻ കാലോചിതമായി പരിഷ്‌കരിക്കണം

കിറ്റ് കമ്മിഷൻ നൽകണം

കെ.ടി.പി.ഡി.എസ് ആക്ടിലെ അപാകതകൾ പരിഹരിക്കണം

ഇ- പോസ് മെഷീന്റെ തകരാറുകൾ പരിഹരിക്കണം

ക്ഷേമനിധി ആനുകൂല്യം നൽകണം.