sivagiri

തിരുവനന്തപുരം: വരാനിരിക്കുന്ന നൂറ്രാണ്ടുകൾക്കും ദിശാബോധം നൽകേണ്ട കാലാതീത പ്രസക്തിയുള്ള ദർശനമാണ് ഗുരുദേവൻ പകർന്നു നൽകിയതെന്ന് ശ്രീനാരായണധർമ്മസംഘം ട്രസ്റ്ര് പ്രസിഡന്റ് സ്വാമിസച്ചിദാനന്ദ പറഞ്ഞു. ലോകത്തെമ്പാടുമുള്ള മലയാളികളല്ലാത്തവരിലേക്കും ഗുരുദർശനത്തിന്റെ പൊരുൾ എത്തിക്കാനാണ് ആഗോള പ്രവാസംഗമം ആവിഷ്കരിച്ചിട്ടുള്ളതെന്നും അദ്ദേഹം വിശദമാക്കി.ശിവഗിരിയിൽ ആഗോള പ്രവാസി സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു സ്വാമി സച്ചിദാനന്ദ.

ഗുരുദേവന്റെ അനുയായി സമൂഹം പലേടത്തായി ചിതറിക്കിടക്കുന്നു.. ജാതിമതഭേദ ചിന്തകൾക്ക് അതീതമായി ചിന്തിക്കുന്ന വിശ്വതത്വദർശനം ഉൾക്കൊള്ളുന്ന എല്ലാവരുമുൾപ്പെട്ടതാണ് ഗുരുവിന്റെ അനുയായി സമൂഹം. അദ്വൈത വേദാന്തദർശനത്തിന് ആധാരം ഏകലോക വ്യവസ്ഥിതിയാണ്. ശങ്കരാചാര്യരാണ് അതിന് ഭാഷ്യം ചമച്ചത്. ശ്രീനാരായണ ഗുരുദേവൻ അതിനെ ഒരു ചിന്താപദ്ധതിക്ക് അപ്പുറമായി ജീവിതപദ്ധതിയാക്കി. . ഐക്യരാഷ്ട്ര സഭ ആവിഷ്കരിക്കും മുമ്പ് തന്നെ ഏകലോക ഗവൺമെന്റ് എന്ന സിദ്ധാന്തത്തിന് ഗുരു രൂപം നൽകിയത് ശ്രദ്ധേയമാണ്.

ഗോവയിൽ ഗുരുധർമ്മ പ്രചാരണം നിർവഹിക്കാൻ പൂർണ്ണ സഹകരണം തേടിക്കൊണ്ടുള്ള നിവേദനം സ്വാമി സച്ചിദാനന്ദ ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയ്ക്ക് സമർപ്പിച്ചു. എല്ലാവിധ സഹകരണവും ഗവർണർ വാഗ്ദാനം ചെയ്തു.

ലോകം ഇന്ന് നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കുമുള്ള പ്രത്യൗഷധമാണ് വിശ്വമാനവിക ദർശനമെന്ന് സ്വാഗത പ്രസംഗത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.ഗുരുദർശനം ലോകമെമ്പാടും എത്തിക്കുകയെന്നതാണ് ഇപ്പോഴത്തെ വലിയ ലക്ഷ്യം. ഗുരുധർമ്മ പ്രചാരണത്തിനായി വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളെ ഒന്നിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹാർദ്ദത്തിന്റെയും സമന്വയത്തിന്റെയും സന്ദേശം എല്ലാവരിലേക്കും എത്തിക്കാനാണ് പ്രവാസി സംഗമമെന്നും സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.