സർക്കാർ ഉത്തരവ് നടപ്പാക്കാതെ ആശുപത്രി അധികൃതർ
തിരുവനന്തപുരം: തിരക്കേറിയ ജനറൽ ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിന് നിർണായക പങ്കുവഹിക്കുന്ന എച്ച്.എം.സി (ഹോസ്‌പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി) ജീവനക്കാർക്ക് ഓണത്തിന് ബോണസും ഉത്സവബത്തയും നൽകിയില്ല. സംസ്ഥാനത്തുടനീളം എച്ച്.എം.സി ജീവനക്കാർക്ക് ബോണസും ഉത്സവബത്തയും നൽകാൻ ഈമാസം 10ന് സർക്കാർ ഉത്തരവിറക്കിയെങ്കിലും ആശുപത്രി അധികൃതരുടെ കെടുകാര്യസ്ഥതയാണ് 120 ജീവനക്കാരുടെ ഓണത്തിന്റെ നിറംകെടുത്തിയത്. ഉത്രാടത്തിന് രാത്രിവൈകിയെങ്കിലും പണം അക്കൗണ്ടിലെത്തുമെന്ന് പ്രതീക്ഷിച്ച് കണക്കുകൂട്ടിയവർ അത്യാവശ്യങ്ങൾക്ക് കടംവാങ്ങേണ്ട ഗതികേടിലായി. നടപടിക്രമങ്ങളിലെ സാങ്കേതിക പ്രശ്നങ്ങൾ പറഞ്ഞ് ഉഴപ്പുകയാണ് അധികൃതർ. അതേസമയം സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലുൾപ്പെടെ എച്ച്.എം.സി ജീവനക്കാർക്ക് ബോണസും ഫെസ്റ്റിവൽ അലവൻസും കിട്ടി.
200ദിവസം ജോലി ചെയ്തവർക്ക് 4000രൂപ ബോണസും അതിൽ കുറവ് ദിവസം ജോലി ചെയ്തവർക്ക് 2750 രൂപ ഫെസ്റ്റിവൽ അലവൻസും നൽകാനാണ് മുൻകാലങ്ങളിലെ പോലെ ഇക്കുറിയും സർക്കാർ ഉത്തരവിട്ടത്. എന്നാൽ എച്ച്.എം.സി ജീവനക്കാരുടെ കരാർ കാലാവധി 179 ദിവസമായതിനാൽ ആർക്കും 4000രൂപ ബോണസിന് അർഹതയില്ലെന്ന് ജനറൽ ആശുപത്രി അധികൃതർ കണ്ടെത്തി. എല്ലാവർക്കും ഉത്സവബത്തയായ 2750രൂപ മാത്രമേ നൽകൂവെന്നും നിലപാടെടുത്തു. ഇതോടെ ജീവനക്കാർ രംഗത്തെത്തി. സൂപ്രണ്ട് അവധിയിലായതിനാൽ ഡെപ്യൂട്ടി സൂപ്രണ്ടിനോട് എതിർപ്പ് അറിയിച്ചു. 179ദിവസം കൂടുമ്പോൾ കരാർ പുതുക്കാറുണ്ടെങ്കിലും ജീവനക്കാർ ഭൂരിഭാഗവും വർഷങ്ങളായി പണിയെടുക്കുന്നവരാണ്.എട്ടുവർഷത്തിലേറെയായി ജനറൽ ആശുപത്രിയിലുള്ള എച്ച്.എം.സി ജീവനക്കാരുണ്ട്.മുൻകാലങ്ങളിലെല്ലാം ഇവർക്ക് ബോണസ് നൽകിയിട്ടുണ്ട്. കരാർ പുതുക്കുന്ന കാലയളവ് ബോണസിന് അടിസ്ഥാനമല്ലെന്നും ഹാജർ മാത്രം നോക്കിയാൽ മതിയെന്നും ജീവനക്കാർ പറഞ്ഞു. ഇതോടെ ബോണസും ഉത്സവബത്തയും അനുവദിക്കാതെ പിടിച്ചുവയ്ക്കുകയായിരുന്നു.
അക്കൗണ്ടിൽ ലക്ഷങ്ങളുണ്ടായിട്ടും?
ജനറൽ ആശുപത്രിയിലെ എച്ച്.എം.സി അക്കൗണ്ടിൽ നിലവിൽ 25ലക്ഷത്തിലേറെയുണ്ട്. 120എച്ച്.എം.സി ജീവനക്കാർക്ക് 4000രൂപ ബോണസ് നൽകിയാലും 4.80ലക്ഷം മതിയെന്നിരിക്കെയാണ് അനാവശ്യ എതിർപ്പുകൾ ഉന്നയിച്ച് പാവപ്പെട്ട ജീവനക്കാരുടെ വയറ്റത്തടിച്ചത്. ദിവസേന ഒരുലക്ഷം രൂപയിലധികം എച്ച്.എം.സിയിൽ വരുമാനമുണ്ട്. നഴ്സുമാർ,ടെക്‌നീഷ്യൻമാർ,ശുചീകരണ തൊഴിലാളികൾ,വിവിധ കൗണ്ടറുകളിലുള്ളവർ എന്നിങ്ങനെ ആശുപത്രിയുടെ സുപ്രധാന മേഖലകളിലെല്ലാം എച്ച്.എം.സി ജീവനക്കാരുണ്ട്. നേരത്തെ ഇവർക്ക് ആശുപത്രിയിൽ ചികിത്സ സൗജന്യമായിരുന്നെങ്കിലും അടുത്തിടെ അതും ഒഴിവാക്കി.
പ്രതിസന്ധിയിൽ - 120 ജീവനക്കാർ
എച്ച്.എം.സി ചെയർമാനുമായി സംസാരിച്ച് നടപടിയെടുക്കാൻ ഡെപ്യൂട്ടി സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഡോ.പ്രീതി,ജനറൽ ആശുപത്രി