തിരുവനന്തപുരം: രൂപമാറ്റം വരുത്തിയ ബൈക്കിൽ മരണപ്പാച്ചിൽ നടത്തി സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചിട്ട യുവാവിനെ മെഡിക്കൽ കോളേജ് പൊലീസ് പിടികൂടി.തിരക്കേറിയ മെഡിക്കൽകോളേജ് റോഡിലൂടെ റൈസിംഗ് നടത്തി അപകട ഭീഷണിയുണ്ടാക്കിയ സംഭവത്തിലാണ് മെഡിക്കൽകോളേജ് സ്വദേശി മനുകൃഷ്‌ണ അറസ്റ്രിലായത്.

തിരുവോണ ദിവസം വൈകിട്ട് 5ന് ബൈക്കിൽ അഭ്യാസ പ്രകടനം നടത്തി മെഡിക്കൽകോളേജ് ആശുപത്രിക്ക് മുൻപിൽ വച്ച് പട്ടം സ്വദേശിയായ സ്‌കൂട്ടർ യാത്രികനെ ഇടിച്ചിടുകയായിരുന്നു.പരിക്കേൽക്കാത്തതിനാൽ സ്‌കൂട്ടർ യാത്രികൻ പരാതി നൽകിയില്ല.എന്നാൽ ബൈക്ക് നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിനെ വിളിച്ചു വരുത്തി ഏല്പിക്കുകയായിരുന്നു. സുഹൃത്തിന്റെ ബൈക്കിലായിരുന്നു മനു അഭ്യാസപ്രകടനം നടത്തിയത്.കേസെടുത്ത ശേഷം ഇയാളെ വിട്ടയച്ചു. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെത്തി ബൈക്ക് പരിശോധിച്ച് രൂപമാറ്റം വരുത്തിയതായി റിപ്പോർട്ട് നൽകി.അനുമതിയില്ലാതെ രൂപമാറ്റം വരുത്തൽ,അപകടകരമായ വിധത്തിൽ വാഹനം ഓടിക്കൽ എന്നീ കുറ്റങ്ങൾക്ക് 25,000 രൂപ പിഴ ചുമത്താവുന്ന കേസാണ് ഇയാൾക്കെതിരെ എടുത്തിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു.