വർക്കല: പാപനാശം നോർത്ത് ക്ലിഫിൽ നിന്ന് താഴേക്ക് വീണ് 2 വിനോദസഞ്ചാരികൾക്ക് ഗുരുതര പരിക്കേറ്റു. തമിഴ്‌നാട് സ്വദേശികളായ വെങ്കിടേഷ് (32),വിവേക് (32) എന്നിവരാണ് ഏകദേശം 60 അടിയോളം താഴ്ചയിലേക്ക്
വീണത്.
കടലിനോട് ചേർന്നുള്ള ഡാർജിലിംഗ് കഫേ റിസോർട്ടിന് സമീപം ശനിയാഴ്ച രാത്രി 12.30ഓടെയായിരുന്നു സംഭവം. വർക്കല ഫയർഫോഴ്സ് സ്ഥലത്തെത്തി സേഫ്ടി റോപ്പിന്റെ സഹായത്താൽ 60 അടിയോളം താഴ്ചയിലേക്ക് ഇറങ്ങി യുവാക്കളെ മുകളിൽ എത്തിക്കുകയായിരുന്നു.തുടർന്ന് ഫയർഫോഴ്സിന്റെ തന്നെ ആംബുലൻസിൽ ഇവരെ വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചു.വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.കനത്ത മഴയിൽ കുന്നിടിച്ചിലിനെ തുടർന്ന് ക്ലിഫ് ഭാഗത്ത് കൂടെയുള്ള വാഹനഗതാഗതവും കാൽനടയാത്രയും കളക്ടർ ഇടയ്ക്ക് നിരോധിച്ചിരുന്നു.ചെറിയ വാഹനങ്ങൾ ഈ ഭാഗത്ത് കൂടി പോവുന്നതിന് ഇപ്പോഴും നിരോധനമുണ്ട്. എന്നാൽ അപകടം പിടിച്ച മേഖലയിലൂടെ വിനോദ സഞ്ചാരികളുടെ കാൽനടയാത്ര ഇപ്പോഴും തുടരുകയാണ്.