സുരക്ഷാവീഴ്ചയെന്ന് ആരോപണം
തിരുവനന്തപുരം: പൂജപ്പുര ഗവ.നിർഭയഹോമിൽ നിന്ന് പുലർച്ചെ കാണാതായ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ പാലോടു നിന്ന് പൊലീസ് കണ്ടെത്തി.നഗരത്തിലെ റോഡിലൂടെ കിലോമീറ്ററുകളോളം നടന്നും പിന്നീട് ഓട്ടോറിക്ഷയിൽ കയറിയും പാലോട്ടെത്തിയ ഇവരെ ബന്ധുവീട്ടിൽ നിന്നാണ് കണ്ടെത്തിയത്.
ആലപ്പുഴ,നഗരൂർ,പാലോട് സ്വദേശികളായ 16 വയസുള്ള കുട്ടികളെയാണ് ഞായറാഴ്ച പുലർച്ചെ 4.30ഓടെ കാണാതായത്. സുരക്ഷാക്കുറവ് കാരണം നിർഭയ ഹോമിൽ കുട്ടികൾ ഓടിപ്പോകുന്നത് പതിവാണെന്ന് പൂജപ്പുര പൊലീസ് പറഞ്ഞു.
നാടുവിടാനായാണ് കുട്ടികൾ ചാടിയത്.കൈയിൽ പണമില്ലാത്തതിനാൽ നഗരത്തിലൂടെ കിലോമീറ്ററുകളോളം നടന്നു. ശേഷം ഓട്ടോറിക്ഷ വിളിച്ച് പാലോട്ടുള്ള ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു. ഉച്ചയോടെ പൊലീസ് കുട്ടികളെ കണ്ടെത്തി.വാതിലുകൾ അടച്ചിടാറുണ്ടെന്നും സുരക്ഷാ വീഴ്ചയില്ലെന്നും നിർഭയ ഹോം അധികൃതർ പറഞ്ഞു. പാൽവണ്ടി വന്നപ്പോൾ സുരക്ഷാജീവനക്കാരൻ ഗേറ്റ് തുറന്ന സമയത്താണ് കുട്ടികൾ കടന്നതെന്നും ഇവർ പറയുന്നു.