1

വിഴിഞ്ഞം: പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പദ്ധതിക്കായുള്ള കെട്ടിടനിർമ്മാണം പൂർത്തിയായി. ഉപകരണങ്ങളെത്തിയാൽ അടുത്ത മാസം ഉദ്ഘാടനം നടത്തും.നഗരസഭയിലെ 5 വാർഡുകളിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മ‌ാലിന്യം പ്ലാന്റിലെത്തിച്ച് സംസ്കരിച്ച് പുനഃരുപയോഗിക്കാനാണ്‌ പദ്ധതി.

വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്റ്റേഷനു സമീപം ഹാർബർ എൻജിനിയറിംഗ് വകുപ്പ് നഗരസഭയ്ക്ക് നൽകുന്ന സ്ഥലത്താണ് പ്ലാന്റ് സ്ഥാപിക്കുന്നത്.നിലവിൽ കെട്ടിട നിർമ്മാണം പൂർത്തിയാക്കി ചുറ്റുമതിലും നിർമ്മിച്ചു. പരിസരത്തെ തറയുൾപ്പെടെയുള്ളവ കോൺക്രീറ്റ് ചെയ്ത് വൃത്തിയാക്കിയിട്ടുണ്ട്. ഉപകരണങ്ങളെത്തി അവ സ്ഥാപിച്ചാൽ ഉദ്ഘാടനം നടത്തുമെന്ന് അധികൃതർ പറഞ്ഞു.

പ്രവർത്തനം ഇങ്ങനെ

ദിവസവും ഒരു ടൺ പ്ലാസ്റ്റിക്‌ പൊടിയാക്കാൻ കഴിയുന്ന വിധത്തിലാണ് പ്ലാന്റിന്റെ നിർമ്മാണം.പ്രദേശവാസികളായ നിരവധി പേർക്ക് തൊഴിൽ ലഭിക്കുന്നതിനൊപ്പം നഗരസഭയ്ക്ക് മികച്ച വരുമാനവും ഇതിലൂടെ ലഭിക്കും. ശേഖരിക്കുന്ന പ്ലാസ്റ്റിക്‌ കഴുകി വൃത്തിയാക്കി കെട്ടുകളാക്കിയശേഷം പ്ലാന്റിലൂടെ കടത്തിവിട്ട് കല്ലും കുപ്പി ചില്ലുകളുമടക്കമുള്ളവ നീക്കും. ശേഷം 6 മൈക്രോണിന്‌ താഴെയുള്ള പ്ലാസ്റ്റിക്ക് പൊടിരൂപത്തിലും മറ്റുള്ളവ കട്ടകളുമാക്കി വിൽക്കും.

നഗരസഭയുടെ ഹരിതകർമ്മ സേനാംഗങ്ങളാണ് പ്ലാസ്റ്റിക്ക് ശേഖരിക്കുന്നത്. നടത്തിപ്പ് ചുമതല ക്ലീൻ കേരള മിഷനും പ്ലാന്റിന്റെ പരിപാലനം നഗരസഭയുമാണ്.

പൊടിച്ചശേഷം കട്ടകളായി മാറ്റുന്നവ പ്ലാസ്റ്റിക്‌ റോഡ് ടാറിംഗിനും, തരികളാക്കുന്നവ പലതരം ഉത്പന്നങ്ങളാക്കി മാറ്റുന്നതിനുമാണ് പദ്ധതി.മെറ്റീരിയൽ റിക്കവറി ഫെസിലിറ്റേഷൻ സെന്റർ (എം.ആർ.എഫ്) എന്ന പേരിലാണ് പ്ലാന്റ് ആരംഭിക്കുന്നത്.