
തിരുവനന്തപുരം: വയനാട് ദുരന്തനിവാരണത്തിന്റെ പേരിൽ പിണറായി സർക്കാർ കള്ളക്കണക്ക് എഴുതുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. സ്വന്തം പ്രചാരവേലയ്ക്കും ഫണ്ട് തട്ടിപ്പിനും ദുരന്തങ്ങളെ ഉപയോഗിക്കുന്ന മറ്റൊരു സർക്കാരും രാജ്യത്തില്ലെന്നും ഫേസ് ബുക്കിൽ അദ്ദേഹം കുറിച്ചു.
ദുരന്തമെത്താൻ കാത്തിരിക്കുന്ന സർക്കാരാണ് കേരളത്തിലേത്. മഹാപ്രളയം മുതൽ കൊവിഡ് മഹാമാരി വരെ അഴിമതിക്ക് ഉപയോഗിച്ചിട്ടുള്ളവരാണ് കമ്യൂണിസ്റ്റ് സർക്കാർ.
ദുരന്തബാധിതർക്കായി ലഭിച്ച വസ്ത്രങ്ങൾ ആവശ്യത്തിലധികമുണ്ടെന്ന് മുഖ്യമന്ത്രി പരസ്യമായി പറഞ്ഞതാണ്. പിന്നെ എങ്ങനെ ദുരന്തബാധിതർക്ക് വസ്ത്രം വാങ്ങാൻ 11 കോടി ചെലവായി. ജൂലായ് 30ന് നടന്ന ദുരന്തത്തെക്കുറിച്ച് ഓഗസ്റ്റ് 17ന് ഇത്തരമൊരു കള്ളക്കണക്ക് തയ്യാറാക്കിയവരെ എന്തു ചെയ്യണമെന്ന് പൊതുജനം പറയും.
ദുരന്തഭൂമിയിൽ നേരിട്ടെത്തിയ പ്രധാനമന്ത്രി, കൃത്യമായ കണക്കുകൾ നൽകണമെന്ന് പറഞ്ഞത് കേരളം മറന്നിട്ടില്ല. ദുരന്തം നടന്ന് ഒന്നര മാസം പിന്നിടുമ്പോൾ കൃത്യമായ കണക്കുകൾ നൽകിയോ എന്ന് പിണറായി വിജയൻ വ്യക്തമാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.